മഹാസഖ്യത്തിന് 9 സീറ്റുകള്‍ നഷ്ടമാക്കിയത് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ ഉറപ്പായും ലഭിക്കുന്ന 9 സീറ്റുകള്‍ മഹാസഖ്യത്തിന് നഷ്ടമാക്കിയത് കോണ്‍ഗ്രസ്. ബിജെപി നേടിയ ഭൂരിപക്ഷത്തേക്കാള്‍ വോട്ടുകളാണ് ഇവിടെ കോണ്‍ഗ്രസ് നേടിയത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിച്ച 22 സീറ്റുകളില്‍ 21 ലും പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് നഷ്ടമായി.

ബിഎസ്പി എസ്പി മഹാസഖ്യം തെരഞ്ഞെടുപ്പില്‍ നേടിയത് കേവലം 15 സീറ്റുകള്‍. ബിജെപിയുടെ കുതിപ്പ് പ്രതിരോധിക്കുമെന്ന് പ്രതീക്ഷിച്ച മഹാസഖ്യത്തിന് ഉത്തര്‍പ്രദേശില്‍ അത് സാധിച്ചില്ല എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ മഹാസഖ്യത്തിന്റെ പതനത്തിന് ആക്കമുണ്ടാക്കിയത് ബിജെപി മാത്രമല്ല. കോണ്‍ഗ്രസും അതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മഹാസഖ്യത്തിന് ഉറപ്പായും ജയിക്കാവുന്ന 9 സീറ്റുകളാണ് കോണ്‍ഗ്രസ് മത്സരിച്ചതിന്റെ പേരില്‍ ബിജെപിയുടെ അക്കൗണ്ടില്‍ എത്തിയത്.

പശ്ചിമ ഉത്തര്‍പ്രദേശില്‍ 22 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 21 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടമായി. ബിജെപിയും മഹാസഖ്യവും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടം നടന്ന പല മണ്ഡലങ്ങളിലും രസം കൊല്ലികളാകാന്‍ അല്ലാതെ കോണ്‍ഗ്രസിനെക്കൊണ്ട് മറ്റൊന്നും സാധിച്ചില്ല. പ്രിയങ്കയുടെ വരവ് കൊണ്ട് 1 ശതമാനം വോട്ട് കുറഞ്ഞതല്ലാതെ കൂടിയതുമില്ല. സഖ്യം വേണ്ടെന്ന കോണ്‍ഗ്രസ് പിടിവാശിയില്ലായിരുന്നെങ്കില്‍ യുപിയില്‍ ഒരുപക്ഷേ മഹാസഖ്യത്തിന് ബിജെപിയെ കുറച്ചെങ്കിലും പ്രതിരോധിക്കാനാകുമായിരുന്നു.