മഹാരാജാസിലെ അഭിമന്യു സ്​മാരകം അനധികൃതം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മഹാരാജാസ്​ കോളജില്‍ എസ്​.എഫ്​.ഐ സ്ഥാപിച്ച അഭിമന്യു സ്​മാരകം അനധികൃതമാണെന്ന്​ സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു​. മഹാരാജാസ്​ കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്​ സ്​മാരകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ്​ കോടതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്​.

സ്​മാരകത്തിന്​ അനുമതിയു​​ണ്ടോ എന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട്​ എന്താണെന്നും വിശദീകരിക്കണമെന്ന്​ നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ക്യാമ്പസില്‍ വിദ്യാര്‍ഥി നേതാക്കളുടെ സ്​മാരകം നിര്‍മിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന്​ വിധിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വിദ്യാര്‍ഥികളായ കെ.എം. അംജിത്ത്​​, കാര്‍മല്‍ ജോസ്​ എന്നിവര്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. 

ഈ ഹരജി പരിഗണിക്കവെയാണ്​ സ്​റ്റേറ്റ്​ അറ്റോര്‍ണി കോടതി യില്‍ സര്‍ക്കാര്‍ നിലപാട്​ വിശദീകരിച്ചത്​. സ്​മാരകം നിര്‍മിച്ചതിന്​ ശേഷമാണ്​ കോളജ്​ ഗവേണിങ്​ കൗണ്‍സിലിനെ വിദ്യാര്‍ഥികള്‍ സമീപിച്ചതെന്നും ഇത്​ ശരിയായില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.