മസ്തിഷ്‌കവീക്കത്തെ തുടര്‍ന്ന് ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 108 ആയി ; സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു

പാറ്റ്‌ന: മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ബീഹാറിലെ മുസഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. രണ്ട് ആശുപത്രികളിലായി മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.

കുട്ടികള്‍ മരിക്കുന്നത് തുടരുമ്പോഴും സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ല എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഒരു കിടക്കയില്‍ തന്നെ ഒന്നിലധികം കുട്ടികളെ കിടത്തുകയാണെന്നും പ്രാഥമിക സൗകര്യം പോലും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബീഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബീഹാറില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്. മരിച്ച കുട്ടികളില്‍ കൂടുതലും പിന്നാക്ക വിഭാഗത്തില്‍ പെട്ടവരയാതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണാത്തതെന്ന രാഷ്ട്രീയ ആരോപണവുമായി ആര്‍ജെഡി രംഗത്തെത്തി.

വിദഗ്ധരുടെ കൂടുതല്‍ സംഘങ്ങളെ എത്തിക്കാനും ആശുപത്രികളില്‍ കുട്ടികള്‍ക്ക് മാത്രമായി 100 ഐസിയു തുടങ്ങാനും വിദഗ്ധരുടെ സംഘത്തെ എത്തിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.