മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു

ബെയ്ജിംഗ്‌: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു. ഇത് നാലാം തവണയാണ് യുഎൻ സുരക്ഷാ സമിതിയുടെ നീക്കത്തെ ചൈന എതിർക്കുന്നത്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നാണ് ചൈനയുടെ നിലപാട്. തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്നാണ് ചൈന പറയുന്നത്.

മുൻപ് മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് മൂന്ന് തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടഞ്ഞിരുന്നു.