മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണം; സമ്മര്‍ദവുമായി വീണ്ടും അമേരിക്ക

വാഷിങ്ടണ്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ സമ്മര്‍ദവുമായി വീണ്ടും  അമേരിക്ക. ഇക്കാര്യമാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ പുതിയ പ്രമേയം അവതരിപ്പിക്കും.  പ്രമേയത്തിന്റെ കരട്  രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങള്‍ക്ക് വിതരണം ചെയ്തു. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയും അമേരിക്കക്കുണ്ട്. പുല്‍വാമാ ഭീകരാക്രണത്തിന് പിന്നാലെ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് അമേരിക്ക യു.എന്നി ല്‍ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പ്രമേയത്തെ ചൈന വീറ്റോ ചെയ്യുകയായിരുന്നു. നാലാം തവണയാണ് ചൈന മസൂദ് അസറിന് അനുകൂലമായി നിലപാടെടുത്തത്. ഇക്കാര്യത്തി യു.എസിന് കടുത്ത അതൃപ്തിയുണ്ട്. ഇത്തവണയും പ്രമേയത്തെ ചൈന വീറ്റോ ചെയ്യുമെന്ന് ഉറപ്പാണ്. അതിനിടെ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപെയോ രംഗത്തെത്തി. ഭീകരര്‍ക്കെതിരെ ചൈന യു.എന്നില്‍ കര്‍ശന നിലപാട് എടുക്കണം. മുസ്ലിംങ്ങളോടുള്ള ചൈനയുടെ നിലപാട് കാപട്യമാണ് എന്നും പോംപെയോ കുറ്റപ്പെടുത്തി.