മസൂദ് അസറും ജയ്ഷേ മുഹമ്മദും, അല്പം ചരിത്രം.(മൂന്നാം ഭാഗം)

സതീശൻ കൊല്ലം

ഭൂമിയുടെ ഒരുഭാഗത്തെ പൂമ്പാറ്റകളുടെ ചിറകടി മറുഭാഗത്ത് എത്തുമ്പോൾ കൊടുങ്കാറ്റായി മാറുമെന്നൊരു തിയറിയുണ്ട്.അതുപോലെയാണ് ചില ചെറിയ സംഭവങ്ങളുടെ പരിണിതഫലങ്ങൾ വലിയ പ്രത്യാഘാതങ്ങളായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവം 1963 ഡിസംബർ 27ന് കാശ്മീരിലുണ്ടായി.

ശ്രീനഗറിലെ പുണ്യപുരാതനമായ ഹസ്റത്ത്ബൽ മസ്ജിദ് എന്ന ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന മോയി മുഖ്ദസ് എന്ന വിശുദ്ധ വസ്തു( holy relic) മോഷണം പോയി. മുസ്ലിങ്ങളുടെ ഏറ്റവും വലിയ പുണ്യപുരുഷനായ മുഹമ്മദ് നബിയുടെ താടിരോമങ്ങളിൽ ചിലതാണത്രേ അവിടെ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന ഈ പുണ്യവസ്തു.ന്യൂസ് പുറത്തു വന്നപ്പോൾ കാശ്മീർ ആകെ ഇളകിമറിഞ്ഞു .ഈ വിവരമറിഞ്ഞ് കാശ്മിറിനു പുറത്തുള്ള ചിലയിടങ്ങളിൽ പ്രതിഷേധങ്ങളും കലാപങ്ങളുമായി.പ്രായഭേദമന്യേ രാഷ്ട്രീയവ്യത്യാസങ്ങൾ മറന്ന് നൂറുകണക്കിന് കാശ്മീരികൾ കറുത്ത കൊടികളുമായി തെരുവിലിറങ്ങി.മുഹമ്മദ് ഷാഫി ഖുറൈശി, ഷേക്ക് റഷീദ് എന്നീ കോൺഗ്രസ് പ്രവർത്തകർ ഈ സംഭവത്തിൽ സംശയിക്കപ്പെട്ട് അറസ്റ്റിലായി.മിർവായിസ് മൗലവി ഫറൂഖിന്റെ നേതൃത്വത്തിൽ സേക്രട്ട് ഹോളിറെലിക് ആക്ഷൻ കമ്മിറ്റി രൂപം കൊണ്ടു.പാർലമെന്റിൽ പോലും വലിയ ഒച്ചപ്പാടുണ്ടായി.ജവഹർലാൽ നെഹ്‌റുവിന്റെ നിർദ്ദേശപ്രകാരം സി.ബി.ഐ തലവൻ ബി.എ.മല്ലിക്ക് കാശ്മീരിൽ പറന്നിറങ്ങി.ജനുവരി 4, 1964ന് മോയി മുഖ്ദസ് തിരികെ ലഭിച്ചതായി സി.ബി.ഐ പ്രഖ്യാപിച്ചെങ്കിലും പ്രതി ആരാണെന്ന് വ്യക്തമാക്കിയില്ല.നമ്മുടെ നാട്ടിലെ ശബരിമല സംഭവം പോലെ കാശ്മീരിൽ കനത്ത വർഗീയ ഏകീകരണത്തിന് തുടക്കമിടാൻ ഈ സംഭവത്തിന് കഴിഞ്ഞു.

ഒമാർ ഷേക്കിന്റെ അറസ്റ്റിനുശേഷം അവിനാശ് മോഹനേനെയ് എന്ന ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മസൂദിനെ ചോദ്യം ചെയ്യാനായി ജമ്മുവിലെ കോട്ട് ബൽവാൽ ജയിലിലെത്തി. ഒമാറിന്റെ ഫോട്ടോ കണ്ടിട്ട് ആളെ തനിക്കു പരിചയമില്ല എന്നു മസൂദ് പറഞ്ഞു. മസൂദിനെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടുപോയ ആളാണ് ഒമാറെന്ന് അവിനാശ് പറഞ്ഞപ്പോൾ
“നിങ്ങൾക്കറിയില്ല ഞാൻ പാക്കിസ്ഥാനും ഐഎസ്ഐയ്ക്കും എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് ദീർഘകാലം എന്നെ ഈ ജയിലിൽ കഴിയാനവർ(ISI) അനുവദിക്കില്ല. ഞാൻ വളരെ പെട്ടെന്നുതന്നെ പാക്കിസ്ഥാൻ്റെ മണ്ണിൽ കാലുകുത്തും അപ്പോൾ നിങ്ങളെന്റെ വിലയറിയും” എന്ന് മസൂദ് പറഞ്ഞു.ഇന്റലിജൻസുകാരൻ ഒരു പൊങ്ങച്ചക്കാരൻ തീവ്രവാദിയുടെ വാക്കുകളാണെന്ന മട്ടിൽ പുച്ഛത്തോടെ ചിരിച്ചു.

ഇന്ത്യയിലെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടു പോയി മസൂദിനെയും കൂട്ടാളികളെയും രക്ഷിക്കുക എന്ന ഐഎസ്ഐയുടെ പ്ളാൻ A പരാജയപ്പെട്ടപ്പോൾ അവർ പ്ളാൻ B നടപ്പിലാക്കാൻ ഓർഡർ നല്കി. പ്ളാൻ B എന്നത് ജയിൽഭേദനമായിരുന്നു.1999 ജൂണിൽ മസൂദിനേയും കൂട്ടാളികളെയും പാർപ്പിച്ചിരുന്ന ജമ്മുവിലെ കോട്ട് ബൽവാൽ ജയിലിൽ സജ്ജാദ് അഫ്ഗാനിയും കൂട്ടരും ചേർന്ന് രഹസ്യമായി പുറത്തേക്കൊരു തുരങ്കം നിർമ്മിച്ചു.വലിയൊരു കലാപമുണ്ടാക്കി ആ ബഹളത്തിൽ തുരങ്കത്തിലൂടെ രക്ഷപ്പെടുക എന്നതായിരുന്നു പദ്ധതി. പദ്ധതിപ്രകാരം ജയിലുദ്യോഗസ്ഥരും പുള്ളികളും തമ്മിൽ കശപിശയുണ്ടായി .സജ്ജാദിനോടൊപ്പം തുരങ്കത്തിനടുത്തിയ മസൂദ് കനംകുറഞ്ഞ ,ഒരാൾക്ക് കഷ്ടിച്ച് നൂഴ്ന്നിറങ്ങാനാവുന്നയിടത്തിൽ തന്റെ വലിയ ശരീരവുമായി ഇഴഞ്ഞു നീങ്ങുക അസാദ്ധ്യമെന്നു പറഞ്ഞു മടിച്ചു നിന്നു.തുരങ്കത്തിലൂടെ ജയിലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരുടെ നേരെ പോലീസ് വെടികളുതിർത്തു.ആ വെടിവെപ്പിൽ സജ്ജാദ് അഫ്ഗാനി കൊല്ലപ്പെട്ടു.

സജ്ജാദിന്റെ മരണം ഐഎസ്ഐയെ പരിഭ്രാന്തിയിലാഴ്ത്തി.മസൂദും ഇന്ത്യയിലെ ജയിലിൽ മരണമടയുമെന്നവർ ഭയപ്പെട്ടു. മസൂദിനെ രക്ഷിക്കാൻ ഏതറ്റം വരെ പോകാനവർ തയ്യാറായി.

എൺപതുകൾ ഇന്ത്യയിൽ എല്ലാത്തരത്തിലുമുള്ള ആശയക്കുഴപ്പത്തിന്റെയും തകർച്ചയുടെയും നാളുകളായിരുന്നെങ്കിൽ തൊണ്ണൂറുകൾ ഇന്ത്യ പതുക്കെ പതുക്കെ ഉയർത്തെഴുന്നേല്ക്കുകയായിരുന്നു.ഇന്ത്യയുടെ തൊണ്ണൂറുകളുടെ തുടക്കം രാജീവ് ഗാന്ധി വധവും സാമ്പത്തിക തകർച്ചയും പോലുള്ള ദുരിതവഴികളിലൂടെയായിരുന്നു.ന്യൂനപക്ഷ ഗവൺമെന്റ് എന്ന പൊങ്ങുതടിയുടെ അമരക്കാരനായ നരസിംഹറാവും ടെക്നോക്രാറ്റായ ധനമന്ത്രി മൻമോഹൻസിംഹും എക്കണോമിക് ലിബറലൈസേഷൻ എന്ന കഷായം മാത്രമേ നമ്മുടെ സാമ്പത്തികരോഗത്തിന് മരുന്നായുള്ളു എന്നു പറഞ്ഞുകൊണ്ട് ആഗോളവത്ക്കരണനയങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. പാർലമെന്റിൽ എതിരാളികൾ ഇതിനെതിരെ ശബ്ദമുയർത്തിയപ്പോൾ നിങ്ങളുടെ കൈയ്യിൽ വേറെ മരുന്നുണ്ടെങ്കിൽ കൊണ്ടു വരൂ എന്ന് സൗമ്യരായി പ്രധാനമന്ത്രിയും ധനമന്ത്രിയും പറഞ്ഞു. വേറെ മരുന്നുമായി ആരും വന്നില്ല.

സാമ്പത്തികമായി തകർന്നു നില്ക്കുന്ന രാജ്യത്ത് കൂനിന്മേൽ കുരു എന്നപോലെ 1992ൽ ബാബ്രിമസ്ജിദ് സംഭവമുണ്ടായി.പിന്നീട് ബോംബെ കലാപവും കുറച്ചുനാളുകൾക്കിടയിൽ ബോംബ്സ്ഫോടനങ്ങളും ഉണ്ടായി.പഞ്ചാബ് ശാന്തമായി തുടങ്ങിയപ്പോൾ കാശ്മീർ ആളിക്കത്താൻ ആരംഭിച്ചു. കാറ്റിലും കോളിലും നന്നായി ഉലഞ്ഞാണെങ്കിലും നരസിംഹറാവു ഗവൺമെന്റ് അഞ്ചുവർഷം എന്ന തീരമണിഞ്ഞു.

പിന്നീടുള്ള അസ്ഥിരതയുടെ നാളുകളിൽ ഗൗഢയും ഗുജ്റാളും ഭരിച്ചു. തുടർന്നു വന്നത് എൻ ഡി എ യുമായി വാജ്പേയിയായിരുന്നു.പുറമെ കുറ്റങ്ങൾ പറഞ്ഞെങ്കിലും എല്ലാവരും മൻമോഹന്റെ സാമ്പത്തിക നയം പിൻതുടർന്നു.വാജ്പേയിയുടെ കാലത്ത് അറ്റോമിക് ബോംബുകൾ ഇന്ത്യ പരീക്ഷിച്ചതോടെ ഇന്ത്യയ്ക്കെതിരെ ഉപരോധമുണ്ടായി.ഇന്ത്യ പൊട്ടിച്ച ദീപാവലി പടക്കങ്ങൾ കണ്ടു പാകിസ്ഥാനും അടങ്ങിനിന്നില്ല.അവരും പൊട്ടിച്ചു കുറച്ചു പടക്കങ്ങൾ. ഉപരോധം എന്ന സമ്മാനം അവർക്കും കിട്ടി.
ലാഹോർ ബസ് യാത്ര നടത്തി വാജ്പേയി പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെതോളിൽ കൈയ്യിട്ടു ‘ഹം ദോനോം ഭായി ഭായി ‘എന്നു പറഞ്ഞത് പാക് പട്ടാളക്കാരൻ മുഷാരഫിനു സഹിച്ചില്ല.അങ്ങേര്’ ചലോ കാർഗിൽ പക്കഡോ ‘എന്ന് പട്ടാളക്കാരോട് പറഞ്ഞു. തോളിലിട്ട കൈയ്യിൽ തേളുകുത്തിയെന്നറിഞ്ഞ വാജ്പേയി കാർഗിലിൽ കുടിയിരുന്ന തേളിനെ തല്ലിക്കൊന്നു പാക്കിസ്ഥാനിലേക്കെറിഞ്ഞു കൊടുത്തു.മുഷാരഫും നവാസുമായി നടന്ന അധികാരഗുസ്തിയിൽ നവാസ് ഷരീഫ് കളരിക്കു പുറത്തായി.

പർവേശ് മുഷാറഫ് പാക്കിസ്ഥാനിൽ അധികാരത്തിൽ എത്തിയതോടെ ഐഎസ്ഐയും ജിഹാദികളും ഉഷാറായി.മുഷാറഫും ഈ തീവ്രവാദി സംഘടനകളുമായുള്ള ബന്ധം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

1999 ഡിസംബർ 24ന് നേപ്പാളിലെ കാട്മണ്ഡുവിൽ നിന്നും ഡൽഹിയിലേക്ക് പറന്നുയർന്ന IC-814 എന്ന ഇന്ത്യൻ വിമാനം ഇന്ത്യൻ അതിർത്തിയിൽ എത്തിയപ്പോൾ അതിലെ 176 യാത്രക്കാരിലൊരാൾ (176 യാത്രികരും 15 വിമാനജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് )മുഖംമൂടി ധരിച്ചു കൊണ്ട് എഴുന്നേറ്റു ഉച്ചത്തിൽ പറഞ്ഞു. ‘എന്റെ കൈയിൽ ബോംബുണ്ട് പറയുന്നതനുസരിച്ചില്ലെങ്കിൽ ഈ വിമാനം ഞാൻ തകർക്കും’.താമസിയാതെ നാലുമുഖംമൂടിധാരികൾ കൂടി എഴുന്നേറ്റു വിമാനത്തിന്റെ പ്രധാനയിടങ്ങളിൽ സ്ഥാനം പിടിച്ചു. വിമാനറാഞ്ചികൾ വിമാനം ലാഹോറിലേക്ക് പറത്താൻ പൈലറ്റായ കാപ്റ്റൻ ദേവി ഷരണിനോടും ഫ്ളൈറ്റ് അറ്റൻഡന്റ് അനിൽ ശർമ്മയോടും ആവശ്യപ്പെട്ടു.ലാഹോറിലേക്കു പറക്കാനുള്ള ഇന്ധനം വിമാനത്തിലില്ല എന്നദ്ദേഹം മറുപടി നല്കി.താമസിയാതെ വിമാനം അമൃതസർ വിമാനത്താവളത്തിൽ ഇറങ്ങി.

നാല്പത്തഞ്ചു നിമിഷത്തോളം റാഞ്ചപ്പെട്ട ഇന്ത്യൻ വിമാനം ഒരിന്ത്യൻ എയർപോർട്ടിൽ ഉണ്ടായിരുന്നിട്ടും ചർച്ചകളിലൂടെയോ ,സൈനികനടപടിയിലൂടെയോ യാത്രികരെ രക്ഷിക്കുകയും റാഞ്ചികളെ പിടികൂടുകയോ വധിക്കുകയോ ചെയ്യാൻ സാധിക്കാത്തത് ചീഫ് എക്സിക്യൂട്ടീവ് മുതൽ ഏറ്റവും താഴെക്കിടയിലെ ഉദ്യോഗസ്ഥന്റെ വരെ പിടിപ്പുകേടും കഴിവില്ലായ്മയും മൂലമായിരുന്നു.(അതിന്റെ ഉള്ളുകള്ളികൾ പറയണമെങ്കിൽ മറ്റൊരു വിശദമായ ലേഖനം എഴുതേണ്ടിവരും).

ഇന്ധനം നിറയ്ക്കാൻ താമസം നേരിട്ടപ്പോൾ നാലുപേർ.കൊല്ലപ്പെട്ടതായി എയർകൺട്രോൾ റൂമിലറിയിക്കാൻ റാഞ്ചികൾ പൈലറ്റിനോടാവശ്യപ്പെട്ടു ,പൈലറ്റ് അതനുസരിച്ചു.സത്യത്തിൽ മൂന്നു യാത്രക്കാരെ റാഞ്ചികൾ കുത്തി മുറിവേൽപ്പിച്ചിരുന്നു അതിലൊരാളായ രൂപൻ കത്യാൽ എന്ന നവവരൻ അമിതരക്തസ്രാവം മൂലം മരണമടയുകയും ചെയ്തു.താമസിയാതെ അമൃതസറിൽ നിന്നും പറന്നുയരാനുള്ള സിഗ്നൽ കിട്ടി.അവിടുന്ന് പറന്നുയർന്ന വിമാനം തൊട്ടകലെയുള്ള ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങി റിഫ്യുയൽ ചെയ്തു ദുബായിലേക്ക് പറന്നു. അവിടെ ദുബായ് മിലിട്ടറി എയർബേസിൽ വിമാനം ഇറക്കാൻ അനുവാദം ലഭിച്ചു.അവിടെ വെച്ച് രൂപൻകത്യാൽ എന്ന കൊല്ലപ്പെട്ട ഇന്ത്യക്കാരനോടൊപ്പം 27 യാത്രികരേയും റിലീസ് ചെയ്തു.അതിൽ 13 സ്ത്രീകളും 11 കുട്ടികളുമുണ്ടായിരുന്നു.

ദുബായ് സൈനികവിമാനത്താവളത്തിൽ യാത്രക്കാരെ രക്ഷിക്കാൻ കമാൻഡോ ഓപ്പറേഷനായി ഇന്ത്യ അനുവാദം ചോദിച്ചെങ്കിലും ദുബായ് ഭരണകൂടം അനുമതി നിഷേധിച്ചു.ബന്ദികളുടെ ആവശ്യപ്രകാരം ദുബായിൽ നിന്നും പറന്നുയർന്ന വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാനത്താവളത്തിലിറങ്ങി.പിന്നീടുണ്ടായ കാര്യങ്ങൾ സ്വതന്ത്ര ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്തപാടാണ്.

ഒരാഴ്ചയോളം നീണ്ടുനിന്ന വിലപേശലിനുശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് ഒമാർ സയ്യിദ് ഷേക്ക്, മസൂദ് അസർ,മുഷ്താഖ് അഹമ്മദ് സിർഗാർ എന്നീ തീവ്രവാദികളെ ഒരു വിമാനത്തിൽ കാണ്ഡഹാറിലെത്തിച്ച് തലബാന് കൈമാറി.1999 ഡിസംബർ31 ന് ആ വിമാനത്തിലെ ബാക്കി യാത്രക്കാരും വിമാനജീവനക്കാരും മോചിപ്പിക്കപ്പെട്ടു .ലോകം മുഴുവനുമുള്ള ഭരണകൂടങ്ങൾ ഒരു വിമാനറാഞ്ചൽ എങ്ങനെ കൈകാര്യം ചെയ്യരുതെന്നതിന് ഉദാഹരണമായാണ് ഈ വിമാനറാഞ്ചലിനെ കാണുന്നത്.

കാണ്ഡഹാർ വിമാനത്താവളത്തിൽ നിന്നും മസൂദ് പോയത് മുല്ല ഉമറിന്റെ ആസ്ഥാനത്തിലേക്കായിരുന്നു .അവിടെ മസൂദിനെ സ്വീകരിക്കാൻ രണ്ടുപേർ ഉണ്ടായിരുന്നു ബിൻ ലാടനും ഐഎസ്ഐ തലവനും.ഒരാഴ്ച അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞതിനുശേഷം കറാച്ചിയിലെത്തിയ മസൂദ് അസർ 2000 ജനുവരി 31 ന് കാശ്മീരിലെ പോരാട്ടത്തിനായി പുതിയൊരു ജിഹാദി സംഘടന രൂപീകരിച്ചതായി പ്രഖ്യാപിച്ചു പേര് ജയ്ഷേ മുഹമ്മദ്.

(ബാക്കി അടുത്തഭാഗത്തിൽ)