മസൂദ് അസറും ജയ്ഷെ മുഹമ്മദും ,അല്പം ചരിത്രം (നാലാംഭാഗം)

സതീശൻ കൊല്ലം

ഏപ്രിൽ19 ,2000 ശ്രീനഗറിലെ ഡൗൺടൗണായ ഖാനിയാർ പ്രദേശത്ത് അദ്ധ്യാപകനായ യൂസുഫ് ഷായുടെ ഫോൺ ബെല്ലടിക്കാനാരംഭിച്ചു.യൂസുഫ് ഷാ വേഗം ചെന്നു ഫോണെടുത്തു.മറുവശത്തുളളയാളിന്റ ശബ്ദം കേട്ടപ്പോൾ അയാൾക്ക് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു. മൂന്നാഴ്ചയായി ഒരു വിവരവും ഇല്ലാതിരുന്ന ഇളയമകൻ അഫാക്ക് അഹമ്മദ് ഷാ യാണ് മറുവശത്ത്. എന്തെങ്കിലും അങ്ങോട്ടു ചോദിക്കും മുൻപ് മകൻ പറഞ്ഞു”അബ്ബൂ മേം ജാ രഹാ ഹും”(അപ്പ,ഞാൻ പോവുകയാണ്)അടുത്ത നിമിഷം ഫോൺ കട്ടായി.അവനെവിടെ പോകുന്നു? വീണ്ടും വിളിച്ചാൽ ചോദിക്കാനായി അയാൾ ഫോണിനടുത്തു തന്നെ ഇരുന്നു. പക്ഷേ അവൻ വിളിച്ചില്ല.

മകന്റെ കാര്യത്തിൽ അയാൾക്ക് നല്ല ആധിയുണ്ടായിരുന്നു.നന്നായി പഠിച്ചിരുന്ന പയ്യനാണ്.എന്തോ ഈയിടെയായി വല്ലാത്ത മാറ്റം .പഠിച്ചു ഡോക്ടറാകണമെന്ന ആഗ്രഹമൊക്കെ എങ്ങോപോയി മറഞ്ഞതു പോലെ.ചിലപ്പോൾ ഒറ്റയ്ക്കിരുന്ന് ഖുറാൻ വായിച്ചു കരയും.തൊട്ടടുത്തുള്ള മസ്ജിദിൽ സ്ഥിരമായി പോകാൻ തുടങ്ങിയതിനുശേഷമാണ് ഈ മാറ്റം. പള്ളിയിൽ പോകുന്നതും മതപഠനം നടത്തുന്നതും തെറ്റാണെന്ന് പറയാനാവില്ലല്ലോ.കറന്റുള്ളപ്പോൾ പോലും മെഴുകുതിരിയുടെ വെളിച്ചത്തിൽ അവൻ ഖുറാനും ഹദീസുകളും പഠിക്കുന്നു.എന്തൊക്കെയായാലും അവൻ നന്നായിയിരുന്നാൽ മതിയായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് ഇരമ്പലോടെ അയാളുടെ വീടിനു മുന്നിൽ വന്നു നിന്നു. അതിൽ നിന്നും ചാടിയിറങ്ങി വന്ന പോലീസുകാർ ഉച്ചത്തിൽ അയാളുടെ പേരു വിളിച്ചു. അയാൾ പുറത്തേക്കോടി ചെന്നു യുസുഫ് ഷാ താൻ തന്നെയെന്നു പറഞ്ഞു. അവർ പറഞ്ഞ വിവരം കേട്ടു അയാൾ ഞെട്ടിത്തെറിച്ചു പോയി.ഇന്ന് കാശ്മീരിൽ ആദ്യമായി മനുഷ്യബോംബ് പൊട്ടിത്തെറിച്ചിരിക്കുന്നു.ഒരു മാരുതി കാറിൽ ബോംബുകളുമായി വന്നു പൊട്ടിത്തെറിച്ചത് കുറച്ചു മുൻപ് വിളിച്ചു യാത്ര പറഞ്ഞ മകനായിരുന്നു. ആ പൊട്ടിത്തെറി മസൂദ് അസർ പുതുതായി രൂപീകരിച്ച ജയ്ഷെ മുഹമ്മദ് കാശ്മീരിൽ.പ്രവർത്തനം ആരംഭിച്ചു എന്നറിയിക്കാൻ വേണ്ടിയുള്ളതായിരുന്നു.

ശ്രീനഗറിനടുത്തുള്ള ആർമിയുടെ 15 കോറിന്റെ ഹെഡ് ക്വാർട്ടേഴ്സിന്റെ ഗേറ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു പഴയ മാരുതിക്കാർ ഇടിച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നു.രണ്ടു സൈനികർ ആ ആക്രമണത്തിൽ മരണമടഞ്ഞു.

ജൂൺ 4 ,2000ൽ ജമ്മുകാശ്മീർ പോലീസിനു നേരെ ജെയ്ഷെ മുഹമ്മദ് ഫിദായീൻ നടത്തിയ വെടിവെയ്പ്പിൽ മൂന്നു പോലീസുകാർ വീരചരമമടയുകയുണ്ടായി.പോലീസ് കേന്ദ്രങ്ങൾ ,സൈനികകേന്ദ്രങ്ങൾ പ്രധാനപ്പെട്ട ഭരണസിരാകേന്ദ്രങ്ങൾ എന്നിവയ്ക്കു നേരെ അപ്രതീക്ഷിതഫിദായീൻ ആക്രമണങ്ങൾ നടത്തി ലോകമെങ്ങുമുള്ള മാദ്ധ്യമങ്ങളുടെ ആദ്യപേജിൽ വാർത്ത സൃഷ്ടിക്കുക എന്ന നയമാണ് JeM സ്വീകരിച്ചിട്ടുള്ളത്.അവരുടെ ജിഹാദികളെ പ്രചോദിപ്പിക്കുവാനും ഒരു പക്ഷേ സാമ്പത്തിക സ്രോതസ്സുകളെ സന്തോഷിപ്പിക്കാനുമായിരിക്കണം ഇത്തരം വലിയ മാദ്ധ്യമവാർത്തകൾ സൃഷ്ടിക്കുന്ന ആക്രമണങ്ങൾ സംഘടിപ്പിക്കുന്നത്.

ഐഎസ്ഐ,പാക് മിലിട്ടറി, തലബാൻ തലവൻ മുള്ള ഉമർ,അൽ ക്വയിദ തലവനായിരുന്ന ബിൻ ലാടൻ,പാക്കിസ്ഥാൻ സുന്നി ഇസ്ലാമിക ചിന്താപദ്ധതികളുടെ ആചാര്യന്മാരായ മുഫ്തി നിസാമുദീൻ ഷംഷാൽ(മജിലിസ് തവാൻ ഇ ഇസ്ലാം),മൗലാന മുഫ്തി റഷീദ് അഹമ്മദ്(ദാറുൽ ഇഫ്തി വൽ ഇർഷാദ്),മൗലാന ഷേർ അലി(ഷേക്ക് അൽ ഹദീസ് ദാറുൽ ഹഖാനിയ) തുടങ്ങി പാക് സമൂഹത്തിൽ സർവ്വതലങ്ങളിലും സ്വാധീനമുള്ള പ്രസ്ഥാനങ്ങളുടേയും വ്യക്തികളുടേയും സഹായസഹകരണങ്ങളോടെയും അനുഗ്രഹാശീർവാദങ്ങളോടെയും ആരംഭിച്ച ഭീകരപ്രസ്ഥാനമാണ് ജയ്ഷെ മുഹമ്മദ്‌.
ഇന്ത്യയിലെ ജിഹാദി പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അതിന്റെ ലക്ഷ്യം. കാശ്മീർ വേർപടുത്തുക,പാക്കിസ്ഥാനിൽ ഇസ്ലാമിക ഭരണം കൊണ്ടുവരുക,അഫ്ഗാനിസ്ഥാനിൽ നിന്നും വിദേശശക്തികളെ തുരത്തുക,ജൂത,ക്രിസ്ത്യൻ, ഹിന്ദു വിശ്വാസസമ്പ്രദായങ്ങൾക്കെതിരെ ജിഹാദ് നടത്തുക തുടങ്ങി ഒരുപിടി ആഗോളലക്ഷ്യങ്ങളുള്ള സംഘടനയാണ് JeM.

ഇന്ത്യയിൽ ചെറുതും വലുതുമായ നിരവധി ആക്രമണങ്ങൾ JeM നടത്തിയിട്ടുണ്ട്. ഇന്ത്യൻ മിലിട്ടറി ഹെഡ്ക്വാട്ടേഴ്സുകളിലേക്കും കോൺവോയികളിലേക്കും സ്ഫോടകവസ്തുക്കൾ നിറച്ച വാഹനങ്ങൾ ഇടിച്ചു കയറ്റി സ്ഫോടനം നടത്തുകയും,മൈനുകളും ഐഇഡിയും ഉപയോഗിച്ച് പൊട്ടിത്തെറികളുണ്ടാക്കി മനുഷ്യജീവനുകൾ അപഹരിക്കുകയും പൊതുസ്ഥാപനങ്ങൾക്കും സ്വകാര്യവസ്തുവകകൾക്കും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

2001 ,ഒക്ടോബർ1ന് ജമ്മു കാശ്മീരിലെ നിയമസഭാമന്ദിരത്തിനുനേരെ ഒരേ സമയം വാഹനത്തിലെത്തി മനുഷ്യബോംബ് സ്ഫോടനവും ഫിദായീൻ ആക്രമണവും JeM നടത്തുകയുണ്ടായി.ആ സംഭവത്തിൽ 38 പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുമുണ്ടായി.ഭയചകിതനായ ഫാറുഖ് അബ്ദുള്ള പാക്കിസ്ഥാനിലെ ജിഹാദി ട്രെയിനിംഗ് ക്യാമ്പുകളിലേക്ക് ഇന്ത്യ ബോംബാക്രമണം നടത്തണമെന്നാവശ്യപ്പെടുകയുണ്ടായി.

JeM ന്റെ ഏറ്റവും കുപ്രസിദ്ധമായ ഇന്ത്യൻ ആക്രമണമുണ്ടായത് ഡിസംബർ13,2001 ഇന്ത്യൻ പാർലമെന്റിനു നേരെയായിരുന്നു. ആ ദിവസം ഏതാണ്ട് 11.40am ന് DL-3CJ-1527 എന്ന രജിസ്‌ട്രേഷനുള്ള അംബാസിഡർ കാറിലെത്തിയ അഞ്ചു JeMഫിദായീനുകൾ പാർലമെന്റിന്റെ 12ആം നമ്പർ ഗേറ്റിലൂടെ ഉള്ളിൽ കടന്നു ആക്രമണം നടത്താൻ ശ്രമിച്ചു. സുരക്ഷാസേനയുടെ തക്കസമയത്തുള്ള ഇടപെടൽ മൂലം പാർലമെന്റ് ബിൽഡിംഗിൽ കടക്കുന്നതിനു മുൻപ് അവരെ നശിപ്പിക്കാൻ സാധിച്ചു.പാക്കിസ്ഥാൻ്റെ സൈനിക ഉപരോധത്തിലും അമേരിക്കൻ ആക്രമണങ്ങളിലും വശംകെട്ട് അഫ്ഗാനിലെ തോറബോറ ഗുഹകളിൽ മരണം മുന്നിൽക്കണ്ടുകൊണ്ടിരുന്ന ബിൻ ലാടനെ രക്ഷിക്കാനായി നടത്തപ്പെട്ട അറ്റകൈപ്രയോഗമായിരുന്നു ഇന്ത്യൻ പാർലമെന്റ് ആക്രമണം എന്നാണ് പറയപ്പെടുന്നത്. പാർലമെന്റ് ആക്രമണത്തിനുശേഷം ഇന്ത്യൻ ആക്രമണം ഭയന്ന് പാക്കിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സൈനികരെ ഇന്ത്യൻ അതിർത്തിയിലേക്ക് നീക്കുകയുണ്ടായി.ഏതായാലും അന്ന് തോറബോറയിൽ നിന്നും രക്ഷപ്പെട്ട ബിൻ ലാടന് മറ്റൊരു പത്തുവർഷത്തെ ആയുസ്സുകൂടി നീട്ടിക്കൊടുക്കാൻ ഐഎസ്ഐയ്ക്കായി.

ഇന്ത്യയേയും പാക്കിസ്ഥാനേയും ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ച പാർലമെന്റ് ആക്രമണത്തിനുശേഷം JeM എതിരെ നടപടികൾ എടുക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായി.2001 അവസാനം അന്താരാഷ്ട്ര സമ്മർദ്ദത്തെത്തുടർന്ന് പാക് ഭരണാധികാരി മുഷാരഫ് മസൂദിനെ അറസ്റ്റുചെയ്തു ജയിലടച്ചു.എന്നാൽ ഒരു വർഷത്തിനു ശേഷം ലാഹോർ ഹൈക്കോടതി ആ അറസ്റ്റ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചു. തുടർന്ന് ജനുവരി 2002 ൽ പാക്കിസ്ഥാൻ JeM നെ നിരോധിച്ചു.

വരം കൊടുത്ത ദൈവത്തെ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന ചില അസുരന്മാരുടെ കഥകൾ പുരാണങ്ങളിലുണ്ടല്ലോ അതേ അവസ്ഥയായി പാക്കിസ്ഥാനും.യുണൈറ്റഡ് ജിഹാദി കൗൺസിൽ അംഗമായ മസൂദിനെതിരെയുള്ള നടപടികൾ പാക്കിസ്ഥാൻ ജിഹാദി പ്രസ്ഥാനങ്ങൾക്ക് മുഷാരഫിനെതിരെ തിരിയാനുള്ള കാരണങ്ങളിലൊന്നായി.
പാക്കിസ്ഥാൻ ഭരണകൂടം തന്റെ സംഘടനയെ നിരോധിച്ചയുടൻ മസൂദ് താൻ പണം സംഭാവനയായി സ്വീകരിക്കാനുപയോഗിക്കുന്ന അൽ റാഷിദ് ട്രസ്റ്റ് (ART)എന്ന ചാരിറ്റി സംഘടനയിലൂടെ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്ന പണം മുഴുവൻ പിൻവലിച്ചു. സർക്കാർ തന്റെ സ്വത്തുവകകൾ മരവിപ്പിക്കും എന്നു മുൻകൂട്ടി കണ്ടു ചെയ്ത നടപടിയായിരുന്നു അത്.മസൂദ് ആ പണം മുഴുവനും നേരിട്ട് തീവ്രവാദവുമായി ബന്ധമില്ലാത്ത ആളുകളുടെ പേരിൽ റിയൽ എസ്റ്റേറ്റിലും മറ്റു നിയമപരമായ ബിസിനസുകളിലുമായി വിനിയോഗിച്ചു.

പാക്കിസ്ഥാൻ ഭരണകൂടം JeM ഉൾപ്പെടെ 33 സംഘടനകളെ നിരോധിച്ചിരുന്നു.തുടർന്ന് ഈ സംഘടനകൾ പാക് മിലിട്ടറി, സിവിലിയൻ സ്ഥാപനങ്ങളേയും വ്യക്തികളേയും ആക്രമിക്കാനാരംഭിച്ചു.മുഷാരഫിനെതിരെ രണ്ടുപ്രാവശ്യം വധശ്രമമുണ്ടായി.പാക്കിസ്ഥാൻ മിലിട്ടറി ലാൽമസ്ജിദ് റെയ്ഡ് നടത്തി അബ്ദുൽ അസീസ് ഗാസിയെ വധിച്ചതോടെ പാക് ജിഹാദികൾക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.JeM ഉൾപ്പെടെയുള്ള 40 ഭീകരസംഘടനകൾ വസീറിസ്ഥാനിൽ ഒത്തുകൂടി തെഹ്രിക്കി ഇ തലബാൻ എന്നപേരിൽ ഒരു യുണൈറ്റഡ് ഫ്രണ്ട് ഉണ്ടാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാൻ വേണ്ടി പാക് ഭരണകൂടത്തിനെതിരെ പോരാടാൻ തീരുമാനിച്ചു.

സംഗതി വശപ്പിശകാകുമെന്നു മനസ്സിലാക്കിയ പാക്കിസ്ഥാൻ അവരെ തമ്മിലകറ്റാനും പാക്കിസ്ഥാനു ഭീഷണിയാകാതിരിക്കാനുമുള്ള തന്ത്രങ്ങൾ തേടി.(ഇതിനിടയിൽ അമേരിക്കയുടെയും ഇന്ത്യയുടെയും സ്വാധീനം അഫ്ഗാനിസ്ഥാനിൽ അവസാനിപ്പിക്കാനും ഒരു പാക് അനുകൂല തലബാൻഗവൺമെന്റ് അവിടെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കുമായി അവിടെ വീണ്ടും ഭീകരവാദം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചിരുന്നു.)

അവർ നല്ല തലബാൻ മോശം തലബാൻ എന്ന വേർതിരിവുണ്ടാക്കി.കാശ്മീരിലും അഫ്ഗാനിസ്ഥാനിലും പോരാടുന്ന സംഘടനകളാണ് നല്ല തലബാൻ.അവർക്ക് ഐഎസ്ഐയുടെയും മിലിട്ടറിയുടെയും മറ്റും സർവ്വസഹായങ്ങളുമുണ്ടാവും.മോശം തലബാൻ പാക്കിസ്ഥാനിൽ വംശീയ ,വർഗീയ ആക്രമണങ്ങൾക്കും പാക്കിസ്ഥാനിൽ ഇസ്ലാമിക ഭരണത്തിനുമായി പോരാട്ടം നടത്തുന്നതുമായ സംഘടനകളാണ്.അവയെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടും.നല്ല തലബാനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2008ൽ JeM നെ പാക്കിസ്ഥാൻ പുനർജീവിപ്പിച്ചു.

(ബാക്കി അടുത്തഭാഗത്തിൽ)