മസൂദ് അസറിനെ പിന്താങ്ങുന്ന ചൈനയെ ‘തൊഴിച്ച്‌ പുറത്താക്കാൻ’ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടക്കുമ്പോൾ നമ്മുടെ സൈന്യം തന്നെ ചൈനീസ് ജാക്കറ്റുകൾ വാങ്ങുന്നുവോ…?

വെള്ളാശേരി ജോസഫ്

ആമസോൺ വഴി ഈയിടെ ഒരു ജാക്കറ്റ് വാങ്ങി. ഓൺലൈനിൽ നോക്കിയപ്പോൾ ജാക്കറ്റ് ഉണ്ടാക്കുന്ന കമ്പനിയുടേത് നല്ലൊരു ഇംഗ്ളീഷ് പേരാണ്. ‘ഫോറിൻ മെയ്ഡ്’ അല്ലെങ്കിൽ അന്താരാഷ്‌ട്ര മാർക്കറ്റിൽ നിന്നാണ് ആ ജാക്കറ്റിൻറ്റെ വരവ് എന്നാണ് ആമസോൺ എന്നെ അറിയിച്ചിരുന്നത്. കയ്യിൽ കിട്ടിയപ്പോൾ ജാക്കറ്റ് നല്ല ക്വാളിറ്റിയാണ്. അകത്ത് തുന്നി പിടിപ്പിച്ച കമ്പിളിയും, തല മറക്കുന്ന ‘ഹുഡ്ഡും’, നല്ല സിബ്ബും ഒക്കെ ഉള്ള ജാക്കറ്റ്. പക്ഷെ ലേബലിൽ നോക്കിയപ്പോഴാണ് ‘മെയ്ഡ് ഇൻ ചൈന’ എന്ന് കണ്ടത്. എനിക്ക് ഒരു പരാതിയുമില്ല. കൺസ്യുമർ എന്ന നിലയിൽ ഞാൻ വിലക്കുറവും, ക്വാളിറ്റിയും മാത്രമാണ് ഒരു ഉൽപ്പന്നം വാങ്ങിക്കുമ്പോൾ നോക്കുന്നത് എന്നതാണ് കാരണം. പക്ഷെ ഇംഗ്ളീഷ് പേരിൽ ചൈനീസ് കമ്പനികൾ നടത്തുന്ന വിദഗ്ധമായ മാർക്കറ്റിങ് എന്നെ അതിശയിപ്പിച്ചു.

സമാനമായ ഒരു സാഹചര്യമാണ് ഇപ്പോൾ ഇന്ത്യൻ സൈന്യത്തിനും ഉള്ളത്. സൈനികർക്ക് വേണ്ടി വിദേശത്ത് നിന്ന് ഓർഡർ ചെയ്തിരുന്ന ജാക്കറ്റുകൾ കറങ്ങി തിരിഞ്ഞു അവസാനം ഇന്ത്യയിൽ എത്തുമ്പോൾ ‘ചൈനീസ് മെയ്ഡ്’. എന്നെ പോലെ തന്നെ ഇന്ത്യൻ സൈന്യത്തിനും പരാതി ഇല്ലാ. കാരണം ഉപഭോക്താക്കളെന്ന നിലയിൽ അവരും ലക്ഷ്യമിടുന്നത് വിലക്കുറവും, ക്വാളിറ്റിയും തന്നെയാണ്.

Image result for indian product made in china

മസൂദ് അസറിനെ പിന്താങ്ങുന്ന ചൈനയെ ‘തൊഴിച്ചുപുറത്താക്കാൻ’ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടക്കുമ്പോൾ നമ്മുടെ സൈന്യം തന്നെ ചൈനീസ് ജാക്കറ്റുകൾ വാങ്ങുന്നു. ഇതിൽ നിന്ന് പഠിക്കേണ്ട വിലയേറിയ പാഠമെന്താണ്??? ഉൽപ്പാദന മികവിന് പകരം വെക്കാൻ പറ്റിയ മറ്റൊന്നില്ലാ എന്നതാണ് ആ പഠിക്കേണ്ട വിലയേറിയ പാഠം.

ഇന്ത്യയിലെ അസംഘടിത മേഖല ഉൽപ്പാദന മികവിൽ മോശക്കാരല്ലായിരുന്നു. പക്ഷെ നോട്ടു നിരോധനവും, ജി. എസ്‌.ടി. നടപ്പാക്കിയതിലെ ആശയകുഴപ്പവും നമ്മുടെ അസംഘടിത മേഖലക്ക് വൻ തിരിച്ചടിയായി. ടെക്സ്റ്റയിൽ രംഗത്ത് തിരുപ്പൂരിൽ മാത്രം ഒരു ലക്ഷം പേർക്ക് നോട്ടു നിരോധനം മൂലം തൊഴിൽ നഷ്ടപ്പെട്ടു എന്നായിരുന്നു അന്ന് മാധ്യമ റിപ്പോർട്ടുകൾ. പശു സ്നേഹം ലെതർ ഇൻഡസ്ട്ട്രിയേയും പ്രതികൂലമായി ബാധിച്ചു. ഇന്ത്യയിൽ സാധാരണ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന രണ്ടു മേഖലകളാണ് ടെക്സ്റ്റയിലും ലെതറും. നോട്ടു നിരോധനത്തെ ശക്തമായി പിന്താങ്ങിയിരുന്ന സാമ്പത്തിക വിദഗ്ധ മേരി ജോർജൊക്കെ പിന്നീട് കേന്ദ്ര സർക്കാരിൻറ്റെ രൂക്ഷ വിമർശകയായി.

Related image

നോട്ടു നിരോധനം മൂലം രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ടതായിരുന്നു അതിനു കാരണം. പിന്നീട് രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം ഉയരണമെങ്കിൽ കയറ്റുമതി കൂടണം. പക്ഷെ രാജ്യത്തിൻറ്റെ വ്യവസായിക മേഖലയുടെ നട്ടെല്ലായ അസംഘടിത മേഖല തിരിച്ചടിക്ക് വിധേയമായതിൽ പിന്നെ എങ്ങനെ കയറ്റുമതി കൂടും??? ഡോക്റ്റർ മേരി ജോർജ് ചൂണ്ടി കാണിക്കുന്നത് പോലെ ഒരു ‘സ്പൈരൽ ഇഫക്റ്റിനാണ്’ ചുരുക്കത്തിൽ നോട്ടു നിരോധനവും, ജി. എസ്. ടി. – യിലെ ആശയ കുഴപ്പവും വഴി തെളിച്ചത്. ‘ഇന്ത്യയുടെ സെൽഫ് ഗോളുകൾ’ എന്ന് പറഞ്ഞു ചൈന തന്നെ ഇന്ത്യയെ കളിയാക്കുന്ന അവസ്ഥ വന്നു കേന്ദ്ര സർക്കാരിൻറ്റെ ഇത്തരം സാമ്പത്തിക ഭരണ പരിഷ്‌കാരങ്ങൾ വഴി. ചുരുക്കം പറഞ്ഞാൽ നാം തന്നെ ‘സെൽഫ് ഗോളുകൾ’ അടിച്ച് സമ്പത് വ്യവസ്ഥയെ തകർത്തതിന് ശേഷം ‘ചൈനയെ തൊഴിച്ചു പുറത്താക്കാൻ’ സോഷ്യൽ മീഡിയയിൽ കൂടെ ക്യാമ്പയിൻ നടത്തുന്നതിൽ വലിയ യുക്തിയൊന്നുമില്ല.

ഒരു വശത്ത് ‘കിക്ക് ഔട്ട് ചൈന’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ക്യാമ്പയിൻ നടക്കുന്നു. മറുവശത്ത് ഷവോമി ഫോണിനായി കൂട്ട ഇടിയാണിപ്പോൾ നടക്കുന്നത്. സോഷ്യൽ മീഡിയയിലുള്ള ഷവോമി – യുടെ പരസ്യത്തിനെതിരേ ‘ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക’ എന്നും പറഞ്ഞുള്ള ക്യാമ്പയിൻ നടക്കുമ്പോൾ തന്നെയാണിത് സംഭവിക്കുന്നത്. ക്യാമ്പയിൻ നടത്തുന്ന ദേശ സ്നേഹികൾ ഷവോമി സ്മാർട്ട് ഫോൺ ഇന്ത്യയിൽ വിൽപ്പന തുടങ്ങിയപ്പോൾ ഡിമാൻഡ് കൂടി വെബ്‌സൈറ്റ് തന്നെ ‘ക്രാഷ്’ ചെയ്യുകയായിരുന്നു എന്ന യാഥാർഥ്യം കാണുന്നില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോൺ ഷവോമി ആണ്. പണ്ട് മഹാത്മാ ഗാന്ധി ‘വിദേശ വസ്ത്ര ബഹിഷ്കരണം’ നടത്തിയപ്പോൾ പലരും തങ്ങളുടെ കയ്യിലിരുന്ന കോട്ടും സൂട്ടുമൊക്കെ വലിച്ചെറിഞ്ഞു കത്തിക്കാൻ തയാറായി. സ്വാതന്ത്ര്യ സമരകാലത്ത് ‘വിദേശ വസ്ത്ര ബഹിഷ്കരണം’ നടത്തിയത് പോലെ ഇന്ന് ദേശ സ്നേഹത്തിനായി ‘ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുക’ എന്നും പറഞ്ഞുള്ള ക്യാമ്പയിൻ വന്നാൽ എത്ര പേര് തങ്ങളുടെ കയ്യിലുള്ള ചൈനീസ് സ്മാർട്ട് ഫോണുകൾ വലിച്ചെറിയാൻ തയാറാകും എന്ന് ദേശസ്നേഹികൾ ചിന്തിക്കുന്നത് നന്നായിരിക്കും. സ്വാതന്ത്ര്യ സമരകാലത്തെ ഇന്ത്യയല്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ.

ഗുണ മേന്മയും, വിലക്കുറവും ഉള്ള ചൈനീസ് മൊബയിലുകൾ, ലാപ്ടോപ്പ്, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, ഇലട്രോണിക്ക് ഉപകരണങ്ങൾ – ഇവയോക്കെ കൂടാതെ ചൈനയുടെ കാറും, ടൂ വീലേഴ്‌സും, അടുക്കള ഉപകരണങ്ങളും താമസിയാതെ ഇന്ത്യൻ വിപണിയിലെത്തും. ചിലതൊക്കെ ഇപ്പോൾ തന്നെ ഇന്ത്യൻ മാർക്കറ്റിൽ ഉണ്ട്.

ചൈനയുടെ രാഷ്ട്രീയം വേറെ – ഉൽപ്പാദനവും, വിപണന തന്ത്രങ്ങളും വേറെ – ദേശസ്നേഹം പറയുന്ന ഇൻഡ്യാക്കാരിൽ പലരും ഇത് മനസിലാക്കുന്നില്ല. ചൈനീസ് ഉൽപ്പാദന മികവിന് ഇന്ത്യക്ക് ഒരു മറുപരിഹാരം ഇല്ലാതെ വെറുതെ ചൈനീസ് ഉൽപന്നങ്ങളെ തള്ളി പറയുന്നത് യാഥാർഥ്യ ബോധത്തിന് നിരക്കുന്നതല്ല. ചൈനയുടെ സോഷ്യൽ മീഡിയയിലെ വീഡിയോ പരിപാടിയായ ‘ടിക്ക്-ടോക്ക്’ ഒക്കെ ഇൻഡ്യാക്കാരാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വീഡിയോ പരിപാടിയായ ‘ടിക്ക്-ടോക്ക്’ ഉപയോഗിക്കുന്ന 500 മില്യൺ ആളുകളിൽ ഏതാണ്ട് 39 ശതമാനം ഇൻഡ്യാക്കാരാണ്.

Image result for mi made in china

2018 അവസാനിച്ചപ്പോൾ ഇന്ത്യയിലെ ‘സ്മാർട്ട് ഫോൺ’ വിപണിയിലെ 60 ശതമാനവും ചൈനീസ് കമ്പനികൾ സ്വന്തമാക്കി. ചൈനയിലേതു പോലെ ഇലക്രോണിക്സ്-ഡിജിറ്റൽ-ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസ് മേഖലയിലെ വളർച്ച നേടാനാണ് നാം ശ്രമിക്കേണ്ടത്. ചൈന ഇപ്പോൾ റിസേർച്ച്‌ ആൻഡ് ഡെവലപ്പ്മെൻറ്റിലും, ആർട്ടിഫിഷ്യൽ ഇൻറ്റെലിജെൻസിലും, ഇൻഫ്രാസ്ട്രക്ച്ചറിലും ഒക്കെ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ഇന്ത്യൻ മധ്യ വർഗത്തിന് വില കുറവുള്ളത് കൊണ്ട് ചൈനീസ് ഉൽപന്നങ്ങൾ വലിയ പഥ്യമാണ്. എത്ര വലിയ രാജ്യസ്നേഹം പറഞ്ഞാലും ഇന്ത്യയിലെ മദ്ധ്യ വർഗം വില കുറവുള്ള ചൈനീസ് സാധനങ്ങൾ തന്നെയായിരിക്കും വാങ്ങുന്നത്. അതാണ് ഷവോമിയുടെ പുതിയ മോഡൽ ഫോണിനായുള്ള ഇൻഡ്യാക്കാരുടെ കൂട്ട ഇടി കാണിക്കുന്നതും.

തീവ്ര രാജ്യസ്നേഹികൾ പോലും ഒരു കാറോ, മൊബൈൽ ഫോണോ വാങ്ങിക്കുമ്പോൾ ഇന്ത്യയിൽ നിർമിച്ചതാണോ എന്നല്ല നോക്കുന്നത്; മറിച്ചു ഗുണ മേന്മയും, വിലകുറവും നോക്കിയാണ് തിരഞ്ഞെടുക്കുന്നത്. ലോകത്തെല്ലായിടത്തും കൺസ്യൂമേഴ്‌സ് അങ്ങനെയാണ്. ചൈനയെ തൊഴിച്ചു പുറത്താക്കാൻ പറയുമ്പോൾ ഇതൊക്കെ ഒന്ന് ഓർമ്മിക്കുന്നത് നല്ലതാണ്.