മഴ വൈകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്‍നിനോ കേരളത്തെ ബാധിക്കില്ല

ന്യൂഡല്‍ഹി: കനത്ത വേനല്‍ ചൂടിനിടെ തെക്ക് പടി‍ഞ്ഞാറന്‍ കാലവര്‍ഷം വൈകില്ലെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണത്തെ മണ്‍സൂണ്‍ സാധാരണം ആയിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. കേരളത്തില്‍ ഉള്‍പ്പടെയുള്ള കാല വര്‍ഷത്തെക്കുറിച്ചുള്ള കാലാവസ്ഥ വകുപ്പിന്‍റെ ആദ്യ ഘട്ട പ്രവചനമാണിത്.

പസഫിക്‌ സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രതിഭാസത്തിനു ശക്തി കുറവായിരിക്കും. എല്‍നിനോ ശക്തിപ്പെട്ടാല്‍ വരള്‍ച്ച കൂടാനിടയുണ്ട്. എന്നാല്‍ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. ജൂണ്‍ തുടങ്ങുന്നതോടെ എല്‍നിനോയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

മെയ്‌ 15 നു കാലവര്‍ഷം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. ദീര്‍ഘകാല ശരാശരിയുടെ 96% മഴയാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകര്‍ക്ക് ആശ്വാസമാണെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍.