മഴയുടെ ശക്തി കുറയും; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും, മരണം 43 ആയി , വയനാട്ടില്‍ അതീവ ജാഗ്രത

തിരുവനന്തപുരം; കേരളത്തില്‍ പെയ്യുന്ന കനത്ത മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്കന്‍ കേരളച്ചില്‍ ഇന്നുമുതല്‍ മഴയുടെ ശക്തി കുറയും.വടക്കന്‍ കേരളത്തിലും കനത്തമഴയില്‍ കുറവുണ്ടാകാനാണ് സാധ്യത. കേരളത്തില്‍ ഏഴ് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും.

എന്നാല്‍ പ്രളയ സാഹചര്യം മുന്നില്‍ നില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന അലര്‍ട്ടുകള്‍ പാലിക്കണമെന്നും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ.എം.മഹാപത്ര വ്യക്തമാക്കി.  12 ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇത് പശ്ചിമ തീരത്തും മഴയ്ക്കു കാരണമാകും. കേരളത്തിലും മഴ ലഭിക്കും. എന്നാല്‍ ഇത് തീവ്രമാകാന്‍ സാധ്യത കുറവാണ്. ഈ ന്യൂനമര്‍ദം അതീവ ന്യൂനമര്‍ദമാകില്ലെന്നാണു നിഗമനം. 

കടലിലിറങ്ങരുതെന്ന് ആളുകള്‍ക്ക് നിര്‍ദേശമുണ്ട്. മഴയുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, ഇപ്പോഴും മഴ ശക്തമായി പെയ്യുന്ന വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും വയനാട്ടില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ആളുകളെ പുറത്തെടുക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടങ്ങളിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 43 പേരാണ് മരണപ്പെട്ടത്.