മഴക്കെടുതിയില്‍പ്പെട്ട വയനാട്ടിലെ സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി രാഹുല്‍ ഗാന്ധി

ഡല്‍ഹി: മഴക്കെടുതിയെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ സാഹചര്യം വയനാട് എംപി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ടെലിഫോണിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടത്.

വയനാട്ടില്‍ തീര്‍ത്തും ആശങ്കജനകമായ സ്ഥിതിയാണെന്ന് രാഹുല്‍ പ്രധാനമന്ത്രിയെ അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായും രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിലേയും വയനാട്ടിലേയും നിലവിലെ അവസ്ഥ താന്‍ നിരീക്ഷിച്ചു വരിയാണെന്നും മുഖ്യമന്ത്രിയുമായും വയനാട് കളക്ടറുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ദുരിതബാധിതരെ സഹായിക്കാനായി മുന്നോട്ട് വരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.