മല്‍സരത്തിനിടെ എതിര്‍ടീം ആരാധകന്‍ വലിച്ചെറിഞ്ഞ റൊട്ടികഷ്ണത്തെ ബഹുമാനിച്ച് ഓസില്‍

കളിക്കളത്തില്‍ ഭക്ഷണത്തിന്റെ മഹാത്മ്യം ഓര്‍മ്മപ്പെടുത്തി ആഴ്സണല്‍ താരം മസൂദ് ഓസില്‍. മോശമായി പെരുമാറുന്നവരോട് അതേ നാണയത്തില്‍ പെരുമാറാതെ തികച്ചും മാന്യമായി പെരുമാറ്റം എന്നതിന് മാതൃകയായി ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ് ഓസില്‍. യൂറോപ്പാ ലീഗ് ആദ്യ പാദത്തില്‍ കളിക്കളത്തില്‍ വെച്ച് തനിക്ക് ഭക്ഷണത്തോടെയുള്ള ബഹുമാനം ഓസില്‍ തെളിയിക്കുകയായിരുന്നു.

മത്സരത്തിനിടെ അത്ലറ്റികോ മാഡ്രിഡ് ആരാധകന്‍ ഒരു റൊട്ടികഷ്ണം ഗ്രൗണ്ടിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. ആഴ്സനല്‍ താരങ്ങളോടുള്ള ഇഷ്ടക്കേട് പ്രകടിപ്പിക്കാനായിരുന്നു ഇത്. കോര്‍ണര്‍ കിക്കെടുക്കാന്‍ ഓസില്‍ എത്തുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍ എറിഞ്ഞയാളെ ഒരു നിമിഷം ചിന്തിപ്പിക്കുന്നതായി ഓസിലിന്റെ പ്രവര്‍ത്തി. റൊട്ടി കയ്യിലെടുത്ത് ചുംബിച്ച് നെറ്റിയില്‍ തൊട്ട് ശ്രദ്ധാപൂര്‍വ്വം അരികിലേയ്ക്ക് മാറ്റിവെച്ചു. വന്‍ കയ്യടിയോടെയാണ് ഗാലറി ഈ പ്രവര്‍ത്തിയെ വരവേറ്റത്.

മുസ്ലീം-തുര്‍ക്കിഷ് സംസ്‌കാര പ്രകാരം ഭക്ഷണം പാഴാക്കുന്നത് വലിയ പാപമാണ്. ഭക്ഷണത്തെ ബഹുമാനിക്കുകയും നന്ദി പറയുകയുമാണ് തന്റെ പ്രവര്‍ത്തിയിലൂടെ ഓസില്‍ ചെയ്തത്. ജര്‍മന്‍ താരമായ ഓസിലുമായുള്ള കരാര്‍ ആഴ്സനല്‍ പുതുക്കിയാണ് താരത്തെ ഈ സീസണിലും നില നിര്‍ത്തിയത്. 2021 വരെയാണ് നീട്ടിയിരിക്കുന്നത്.