മലയാള സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍; തീരുമാനമെടുത്തത് യുഡിഎഫ് കാലത്തെന്ന് കെ ടി ജലീല്‍

മലയാള സര്‍വകലാശാല ഭൂമിയേറ്റെടുക്കല്‍ വിവാദത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍. സര്‍വകലാശാല വിഷയത്തില്‍ പുകമറ സൃഷ്ടിക്കാനാണ് യുഡുഎഫ് ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ്​ കാലത്താണ്​ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള സുപ്രധാനമായ നടപടിക്രമങ്ങള്‍ കൈക്കൊണ്ടതെന്നും അത്​ തുടരുക മാത്രമാണ്​ നിലവിലെ​ സര്‍ക്കാര്‍ ചെയ്​തതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2012 നവംബര്‍ ഒന്നിനാണ്​ മലയാളം സര്‍വകലാശാല നിലവില്‍ വന്നത്​. ഇതിന്‍െറ തലേ ദിവസം തന്നെ ആദവനാട്​ വില്ലേജിലെ നൂറ്​ ഏക്കര്‍ ഭൂമി സര്‍വകലാശാലക്ക്​ വേണ്ടി ഏറ്റെടുക്കുന്നതിന്​ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ഉത്തരവായിരുന്നു. ഇതിന്‍െറ മറ്റ്​ നടപടികളൊന്നും പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ ഈ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്ഥലമുടമകളുടെ ശക്തമായ പ്രതിഷേധവും തടസ്സങ്ങളും ഉണ്ടെന്ന്​ സ്ഥലം സന്ദര്‍ശിച്ച വൈസ്​ ചാന്‍സലര്‍ കെ. ജയകുമാര്‍ 2013 നവംബര്‍ ആറിന്​ മലപ്പുറം കലക്​ടര്‍ക്ക്​ കത്ത്​ നല്‍കിയിരുന്നു.

2015 മാര്‍ച്ച്‌​ 12ന്​​ ചേര്‍ന്ന സംസ്ഥാനതല മോണിറ്ററിങ്​ കമ്മറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട്​ സര്‍വകലാശാലക്ക്​ വേണ്ടി വെട്ടം വില്ലേജിലെ 696.48 ആര്‍ ഭൂമി നെഗോഷ്യേറ്റഡ്​ പര്‍ച്ചേസ്​ വഴി ഏറ്റെടുക്കുന്നതിന്​ 2015 ഏപ്രില്‍ 22ന്​ യു.ഡി.എഫ്​ സര്‍ക്കാറിന്‍െറ കാലത്താണ്​​ റവന്യു വകുപ്പില്‍നിന്ന്​ സര്‍ക്കാര്‍ ഉത്തരവ്​ പുറപ്പെടുവിച്ചത്​.

​​സ്ഥലം ഏറ്റെടുക്കുന്നതിനായി രജിസ്​ട്രാര്‍ക്ക്​ അനുമതി നല്‍കിയതും സ്ഥലം വാങ്ങുന്നതിന്​ ഉന്നത വിദ്യാഭ്യാസ വകുപ്പ് 25 കോടി രൂപയുടെ ഭരണാനുമതി​ നല്‍കിയതും ഇതേ വര്‍ഷം സെപ്​തംബര്‍ 25ന് യു.ഡി.എഫ്​ സര്‍ക്കാറിന്‍െറ ഭരണകാലത്ത്​ തന്നെയാണെന്നും ജലീല്‍ വ്യക്തമാക്കി.