‘മലയാളികൾ എല്ലാവരും ഒന്നു കൂടി എട്ടു മുതൽ പത്തു വരെയുള്ള പുസ്തകങ്ങൾ വായിക്കണം’

ഡോ. സുരേഷ്. സി. പിള്ള

മാമുക്കോയയെ എനിക്ക് വലിയ ഇഷ്ടമാണ്. നല്ല നടൻ എന്നതു കൂടാതെ, സമകാലീനരായ ചില നടൻമാരുമായി തട്ടിച്ചു നോക്കുമ്പോൾ അദ്ദേഹത്തിന്റെ വായിൽ നിന്നും മണ്ടത്തരങ്ങൾ ഒന്നും വരാറില്ല.

എന്താണ് കാരണം എന്നറിയാമോ?

ഒരു ഇന്റർവ്യൂവിൽ അദ്ദേഹം തന്നെ അതു പറഞ്ഞു. (ലിങ്ക് തപ്പിയിട്ടു കിട്ടിയില്ല). സംഭാഷണം ഏകദേശം ഇങ്ങിനെ ആയിരുന്നു.

അവതാരക ചോദിക്കുന്നു “അപ്പോൾ താങ്കൾ കോളേജിൽ പോയിട്ടില്ലേ?”

മാമുക്കോയ പറയുന്നു “അതിന്റെ ആവശ്യം വന്നില്ല, പഠിക്കാൻ ഉള്ളതൊക്കെ സ്കൂളിൽ തന്നെ പഠിച്ചു. നന്നായി സ്കൂളിൽ പഠിക്കാത്തവർ ആണ് കോളേജിൽ പോകുന്നത്.”

അദ്ദേഹം പറഞ്ഞത് അൽപ്പം അതിശയോക്തി ആണെങ്കിലും, കാര്യം കുറെയൊക്കെ ശരിയാണ്. മണ്ടത്തരങ്ങൾ കാണിക്കാതെ ജീവിക്കാനും, കെണികളിലും തട്ടിപ്പുകളിലും പെടാതെ ഇരിക്കുവാനുമുള്ള കാര്യങ്ങൾ ഒക്കെ പത്തുവരെ പഠിച്ചതിൽ ഉണ്ട്.

വിവരവും, വിദ്യാഭ്യാസവും ഉള്ളവർ എന്ന് നമ്മൾ കരുതുന്നവർ പലരും വലിയ വായിൽ മണ്ടത്തരങ്ങൾ പറയുന്നത് കേട്ടിട്ടില്ലേ? ഒരു പക്ഷെ നിങ്ങൾ വായിച്ചു കാണും, 2015 ലെ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിൽ അവതരിപ്പിച്ച ഒരു പ്രബന്ധം.

“പുരാതന ഇന്ത്യയിൽ ഇപ്പോൾ കാണുന്നതിലും, പുരോഗമിച്ച, കൂടുതൽ നിലവാരമുള്ള വിമാനങ്ങൾ ഉണ്ടായിരുന്നു; അവ ഗ്രഹാന്തര യാത്രകൾക്കായും ഉപയോഗിച്ചിരുന്നു. ഭരദ്വാജമുനി ഇതൊക്കെ പുരാതന കാലത്തു വിവരിച്ചിട്ടുണ്ട്”.

പറഞ്ഞത് സാധാരണക്കാരല്ല M. Tech. ഡിഗ്രി ഒക്കെ ഉള്ള പൈലറ്റു മാരായ ആനന്ദ് ബോദാസും, അമേയ ജാധവും ആണ്. അവിടെ M. Tech.ഉം, PhD യും, പോസ്റ്റ് ഡോക്ടറൽ ഗവേഷണ പരിചയവും ഒക്കെയുള്ളവർ ആണ് ഇത് കേട്ട് കയ്യടിച്ചവർ. ഇത് ഞാൻ ഒൻപതാം ക്ലാസ്സു വരെ പഠിച്ച എന്റെ അമ്മയോട് പറഞ്ഞാൽ അമ്മ പറയും

“പോടാ, മണ്ടാ അന്നത്തെ കാലത്ത് വായുവിൽ വിമാനത്തിന്റെ ഭാരത്തെ താങ്ങി നിർത്തി പറക്കാൻ പറ്റുന്ന യന്ത്രങ്ങൾ ഉണ്ടോ? ലോഹങ്ങളും, ലോഹ സംയുക്തങ്ങളും ഉണ്ടോ? പ്ലാസ്റ്റിക്കുണ്ടോ? തടിയിൽ കയറി പറക്കാൻ പറ്റുമോ. മണ്ടത്തരം പറയാതെ പൊക്കോണം ഇവിടെ നിന്ന്?”

ഒൻപതാം ക്ലാസ്സു വരെ പഠിച്ച അമ്മയ്ക്ക് മനസ്സിലാകുന്ന കാര്യങ്ങൾ, ഉന്നത വിദ്യഭ്യസം ഉള്ള ഇവർക്കൊന്നും മനസ്സിലാകാത്തത്, സ്കൂളിൽ കാര്യങ്ങൾ വേണ്ടവിധം പഠിക്കാത്തത് കൊണ്ടാണ്. ഒരു ഉദാഹരണം പറഞ്ഞു എന്നേയുള്ളു.

Image result for text books kerala

സാമാന്യ ശാസ്ത്ര ബോധത്തിനു നിരക്കാത്ത കാര്യങ്ങൾ ആണ് മത പ്രഭാഷണങ്ങളിൽ കേൾക്കുന്നത് പലതും.

പത്താം ക്ലാസ്സു വരെയുള്ള പുസ്തകങ്ങൾ വായിച്ചവർക്ക് ഇതിലുള്ള പൊള്ളത്തരങ്ങൾ മനസ്സിലാക്കാൻ പറ്റും.

“സാമാന്യം പൊതു വിജ്ഞാനം കിട്ടാൻ ഏതു ബുക്ക് ആണ് ചേട്ടാ വായിക്കേണ്ടത്?”

എന്ന് ആരെങ്കിലും ചോദിച്ചാൽ “എട്ടു മുതൽ പത്തു വരെയുള്ള ബുക്കുകൾ വായിക്കാൻ” പറഞ്ഞു കൊടുക്കണം.

Image result for text books kerala

ബാക്ടീരിയ ഇല്ല, വൈറസ് ഇല്ല എന്നൊക്കെ പറഞ്ഞു പൊതുജനത്തെ പറ്റിക്കുന്ന നാട്ടു വൈദ്യൻമാരെ നേരിടാനുള്ള അറിവ് പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിലെ നാലാം അദ്ധ്യായം ആയ ‘അകറ്റി നിർത്താം രോഗങ്ങളെ’ എന്ന ചാപ്റ്റർ വായിച്ചാൽ മതി.

വാക്സിൻ വിരുദ്ധത ഒക്കെ പറഞ്ഞു നടക്കുന്നവർക്കെതിരെ പോരാടാനുള്ള അറിവുകൾ പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിലെ അഞ്ചാം അദ്ധ്യായം ആയ ‘പ്രതിരോധത്തിന്റെ കാവലാളുകൾ’ എന്ന അദ്ധ്യായം വായിച്ചാൽ മതി.

Image result for text books kerala

ഒരു ഗ്രാം ഹൈഡ്രജനിൽ എത്ര ആറ്റങ്ങൾ ഉണ്ട്? മോൾ (Mole) എന്നാൽ എന്താണ്?

(ഉത്തരം പത്താം ക്ലാസ്സിലെ കെമിസ്ട്രി പുസ്തകത്തിന്റെ പതിനൊന്നാം പേജ് നോക്കിയാൽ മതി). ബാറ്ററികളുടെ പ്രവർത്തനം അറിയാൻ പത്താം ക്ലാസ്സിലെ തന്നെ കെമിസ്ട്രി പുസ്തകത്തിന്റെ അറുപതാം പേജ് മുതൽ വായിച്ചാൽ മതി.

Ovulation (അണ്ഡോൽസർജനം) എന്താണ്? ആർത്തവം എന്താണ്? എങ്ങിനെയാണ് ബീജസംയോഗം നടക്കുന്നത്? ഇവയൊക്കെ അറിയാൻ ഒൻപതാം ക്ലാസ്സിലെ ബയോളജി പുസ്തകത്തിലെ ഏഴാം അദ്ധ്യായം വായിച്ചാൽ മതി. ഒരു പ്രകാശ വർഷം എത്ര യാണ് എന്നറിയാൻ എട്ടാം ക്ലാസ്സിലെ ബേസിക് സയൻസ് ബുക്കിലെ എട്ടാം അദ്ധ്യായം നോക്കിയാൽ മതി.

അത്യാവശ്യം ഒരാൾ അറിഞ്ഞിരിക്കേണ്ട ചരിത്രം, ഭൂമി ശാസ്ത്രം ഇവയൊക്കെ എട്ടു മുതൽ പത്തു വരെയുള്ള സ്കൂൾ ബുക്കിലുണ്ട്. എന്റെ അഭിപ്രായത്തിൽ മലയാളികൾ എല്ലാവരും ഒന്നു കൂടി എട്ടു മുതൽ പത്തു വരെയുള്ള പുസ്തകങ്ങൾ സമയം പോലെ വാങ്ങി വായിക്കണം എന്നാണ്. സ്കൂളിൽ പോയപ്പോൾ വേണ്ട വിധം പഠിക്കാൻ അവസരം കിട്ടാത്തവർക്കും ഒന്നുകൂടി മനസ്സിലാക്കി പഠിക്കാം.

കാര്യങ്ങൾ കൂടുതലായി ഇപ്പോൾ മനസ്സിലാകും. ഞാൻ സമയം പോലെ സ്കൂൾ പുസ്തകങ്ങൾ വായിക്കാറുണ്ട്.അപ്പോൾ സമയം കിട്ടുമ്പോൾ അടുത്ത സ്കൂളിൽ പോയി പുസ്തകങ്ങൾ ഒക്കെ വാങ്ങിച്ചു കൊള്ളൂ, വായന തുടങ്ങിക്കൊള്ളൂ. നമ്മളെ പൊള്ളത്തരങ്ങൾ പറഞ്ഞു പറ്റിക്കാതിരിക്കാനുള്ള അത്യാവശ്യം ശാസ്ത്ര, സാമൂഹിക കാര്യങ്ങൾ പലതും സ്കൂൾ പുസ്തകങ്ങളിൽ ഉണ്ട്.