മലപ്പുറത്ത് രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു

മലപ്പുറം: മഞ്ചേരിയിലും സമീപപ്രദേശത്തുമായി രണ്ട് കുട്ടികള്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. പതിനാലും പതിമൂന്നും വയസുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും മൂക്കൊലിപ്പും മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഡിഫ്തീരിയ ബാധിതരാണെന്ന് തെളിഞ്ഞത്.

ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികളുടെ മാതാപിതാക്കളെ സമീപിച്ചപ്പോഴാണ് ഇരുവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിരുന്നില്ലെന്നറിയിച്ചത്.

ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അന്‍പതോളം പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. വാക്സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകള്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുന്നില്ലെന്ന് മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.