മറഡോണ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. യുഎഇ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ അല്‍ ഫുജൈറയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് രാജിവെക്കുന്നത്. തന്റെ ടീമിന് ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷന്‍ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് മറഡോണയുടെ രാജി. മറഡോണയുടെ അഭിഭാഷകനായ മാറ്റിയാസ് മോര്‍ലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു 57കാരനായ മറഡോണ അല്‍ ഫുജൈറ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. ടീമിനെ ഒന്നാം ഡിവിഷനിലെത്തിക്കുക എന്നതായിരുന്നു മറഡോണയിലൂടെ അല്‍ ഫുജൈറ മാനേജ്മെന്റ് ലക്ഷ്യമിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം ഖോര്‍ഫക്കാന്‍ ടീമിനോട് 11 സമനില വഴങ്ങിയതോടെ അല്‍ ഫുജൈറയുടെ ഒന്നാം ഡിവിഷന്‍ സാധ്യതകള്‍ അവസാനിച്ചു. തുടര്‍ന്നാണ് പരിശീലക സ്ഥാനം രാജി വെക്കാന്‍ മറഡോണ തീരുമാനിച്ചത്.

നിലവില്‍ മറ്റ് ടീമുകളുമായി സഹകരണങ്ങളൊന്നുമില്ലാത്ത മറഡോണ ഭാവിയില്‍ മറ്റേതെങ്കിലും ടീമുകളുടെ പരിശീലകനായേക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേ സമയം അടുത്ത കുറച്ച് നാളത്തേക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും മാറി നില്‍ക്കാനാണ് മറഡോണയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.