മറക്കാതെ, മടിക്കാതെ പറഞ്ഞോളൂ..’ഇറ്റ് ഈസ്‌ മൈ പേഴ്‌സണൽ ചോയ്സ് ‘

ഡോ. സുരേഷ്. സി. പിള്ള

ഒരു വാചകം പരിചയപ്പെടുത്തട്ടെ? പല അവസരങ്ങളിലും ഉപകാരപ്പെടും. ഉദാഹരണത്തിന്

“നീ എന്തിനാണ് കുട്ടിയെ ക്രെഷിൽ വിട്ടിട്ട് ജോലിക്ക് പോകുന്നത്?”

“കല്യാണം കഴിഞ്ഞു, ഇത്ര കാലം ആയിട്ടും കുട്ടികൾ ആയില്ലേ?”

“ഭർത്താവിന് ജോലി ഇല്ലേ, നീയും കൂടി എന്തിനാണ് ജോലിക്ക് പോകുന്നത്”

“എന്താണ്, കുട്ടിയെ മുഴുവൻ സമയം ബ്രെസ്റ്റ് ഫീഡ് ചെയ്യാതെ ഓഫീസിൽ വരുന്നത്. നിങ്ങൾ അമ്മയല്ലേ?”

“നീയെന്തിനാടാ, മുടി നീട്ടി വളർത്തിയിരുന്നത്?”

ഇങ്ങനെ നൂറ് ചോദ്യങ്ങൾ സമൂഹത്തിൽ നിന്നും ഉണ്ടാവാം. ഇതു പോലെയുള്ള ചോദ്യങ്ങൾക്കെല്ലാം ഒറ്റ ഉത്തരം മതി.

“It is my personal choice”.

അതായത്, ഇതെന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ് എന്ന് ധൈര്യമായി പറയണം. ഉത്തരം ഇംഗ്ലീഷിൽ തന്നെ പറയാം.

വേണമെങ്കിൽ അൽപ്പം ശബ്ദം ഉറച്ചും പറയാം, അല്ലെങ്കിൽ നിങ്ങൾക്ക് വിനയത്തോടെ പറയാൻ ആണ് ഇഷ്ടമെങ്കിൽ അങ്ങിനെയാവാം. പക്ഷെ പറയാതെ ഇരിക്കരുത്. മനസ്സിലാകാത്തവർക്കായി മലയാളത്തിൽ പറഞ്ഞു കൊടുക്കാം. നമ്മുടെ പാട്രിയാർക്കി സമൂഹത്തിൽ ‘personal choice’ എന്താണ് എന്ന് ഇന്നും പലർക്കും അറിയില്ല. സ്വയം ഉത്തരവാദിത്വത്തോടെ ജീവിക്കുന്ന, തന്റേടമുള്ള യുവതികളും യുവാക്കളും ഒക്കെ ഒരു മന്ത്രം പോലെ കൊണ്ടു നടക്കേണ്ട വാചകമാണ് “it is my personal choice” എന്നത്. മുതിർന്ന തലമുറ ഇനിയും മനസ്സിലാക്കാനുള്ള ഒരു വാചകവും.

നിങ്ങളുടെ നല്ല തീരുമാനങ്ങൾ സമൂഹം എന്തു വിചാരിക്കും എന്ന് തോന്നിയിട്ടാവരുത് എടുക്കുന്നത്, നിങ്ങൾക്കായുള്ളതാവണം, കാരണം നിങ്ങളുടെ മാത്രം തീരുമാനങ്ങൾ ആണ് നിങ്ങളെ നിങ്ങളാക്കുന്നത്. സമൂഹത്തിന്റെ ചോയ്സ് ആയിരിക്കണമെന്നില്ല നമ്മുടെ വ്യക്തിപരമായ ചോയ്സ്. വ്യക്തികൾ ആണ് സമൂഹത്തെ സൃഷ്ഠിക്കുന്നത്, സമൂഹമല്ല വ്യക്തികളെ സൃഷ്ടിക്കുന്നത്.

“The Light in the Heart: Inspirational Thoughts for Living Your Best Life” എന്ന പുസ്തകം എഴുതിയ Roy T. Bennett പറഞ്ഞത് “Attitude is a choice. Happiness is a choice. Optimism is a choice. Kindness is a choice. Giving is a choice. Respect is a choice. Whatever choice you make makes you. Choose wisely.”

ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ തീരുമാനങ്ങളും, തിരഞ്ഞെടുപ്പുകളും ആണ് നിങ്ങളെ നിങ്ങളാക്കുന്നത്.