മരണാനന്തരം എന്ത് ചെയ്യണം?

വി. ശശികുമാർ 

മരണത്തിന് ശേഷം തങ്ങളുടെ ശരീരം എന്ത് ചെയ്യണം, ആചാരവെടിയുടെ അകമ്പടിയോടെ വേണോ സംസ്കാരം, ഒരു പൂവ് വയ്ക്കണോ വേണ്ടയോ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് സാഹിത്യ-സാംസ്കാരിക രംഗങ്ങളിലുള്ളവർ ചില തുറന്ന് പറച്ചിലുകൾ നടത്തിയ ഇക്കാലത്ത് ദാ ഇവിടെയൊരാൾ, ഒരു വെറും സാധാരണക്കാരൻ, തന്റെ മരണശേഷം ആചാരങ്ങൾ അനാചാരങ്ങളിലേക്ക് വഴുതി വീഴുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഒരു ഒസ്യത്ത് തന്നെ എഴുതിവച്ചിരിക്കുന്നു.

പല്ലന മുറിയിൽ  ഇടശ്ശേരിയിൽശേഖരൻ മകൻ രാജൻ എഴുതി വെച്ച ഒസ്യത്ത് നവോത്ഥാനപ്രചോദിതമെന്ന് അവകാശപ്പെടുന്ന കേരളത്തിന് മാതൃകാരേഖയാണ്. തനിക്കു ചുറ്റും നടക്കുന്ന മരണാനന്തര കർമ്മങ്ങളും ചടങ്ങുകളും അനാചാരങ്ങളും കണ്ടു മടുത്ത ഈ ശ്രീനാരായണ ഭക്തൻ മരണാനന്തരം തന്റെ മൃതദേഹം എന്ത് ചെയ്യണമെന്ന് തന്റെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തെ എസ് എൻ ഡി പി യൂണിയൻ ഭാരവാഹികൾക്ക്  അന്പത് രൂപ പത്രത്തിലാണ് എഴുതിക്കൊടുത്തിട്ടുള്ളത്. പകർപ്പ് ഭാര്യക്കും മക്കൾക്കും നൽകി.

അദ്ദേഹത്തിന്റെ വിൽപ്പത്രത്തിലെ പ്രസക്ത ഭാഗങ്ങൾ:

1. മരണാനന്തര കർമ്മങ്ങൾ കർമ്മിയെ കൊണ്ട്  ചെയ്യിക്കാൻ പാടില്ല.
2. ശാഖയുടെ നേതൃത്വത്തിലുള്ള  നാമജപം മാത്രമാകാം.
3. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഏറ്റവും അടുത്ത ബന്ധുക്കൾ ആത്‌മാവിന്റെ മോക്ഷത്തിനായി പ്രാർത്ഥിക്കാം.
4. പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകേണ്ടതാണ്.
5. തനിയ്ക്കവകാശപെട്ട വസ്തുവിൽ അടക്കം ചെയ്യണം.(ദഹനം പാടില്ലാത്തതുമാകുന്നു). 

മരണത്തിനു മുൻപ് പലരും മരണാനന്തരക്രിയകളെപറ്റി തങ്ങളുടെ മക്കളോടും അടുത്ത ബന്ധുക്കളോടും സൂചിപ്പിക്കാറുണ്ടങ്കിലും മരിച്ച വ്യക്തികളുടെ ബന്ധുക്കളും, സാമുദായിക സംഘടനകളും അവരുടെ വിശ്വാസത്തിനും, സൗകര്യത്തിനും അനുയോജ്യമായ തിരുമാനം എടുക്കുന്നതുകൊണ്ടാണ് രാജൻ രേഖാമൂലം തന്റെ തീരുമാനങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചത്. 

അഞ്ചാം ക്‌ളാസ്സു വരെ പഠിച്ചിട്ടുള്ള രാജൻ നാരായണഗുരുവിന്റെ മിക്ക കൃതികളും, ഗുരുവിനെ പറ്റി പലരും എഴുതിയ ജീവ ചരിത്രങ്ങളും പാഠങ്ങളും വായിച്ചിട്ടുണ്ട്. മുടങ്ങാതെ ശിവഗിരി യാത്ര നടത്തുന്ന രാജൻ ഗുരു സഞ്ചരിച്ച മിക്ക ഇടങ്ങളിലും പോയിട്ടുമുണ്ട്.

ഈശ്വര വിശ്വാസി ആയ രാജൻ ക്ഷേത്ര വിശ്വാസിയല്ല. അദ്ദേഹം അന്ധവിശ്വാസങ്ങളെയും, ദുർമന്ത്രവാദങ്ങൾക്കും ജോൽസ്യത്തിനും പരിഹാരക്രിയക്കും എതിരാണ്. ദിവസവും സൂര്യനെയും ജലത്തെയും മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിക്കും കർമ്മികളും ജ്യോത്സ്യന്മാരും, പരിഹാരക്രിയകളും കേറ്ററിങ്ങും കച്ചവടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു രാജന്റെ വിൽപത്രത്തിന് പിന്തുണക്കാരുണ്ടാകുമോ? കേരളം സ്വയം ചോദിക്കേണ്ട ചോദ്യമാണത്.