മയൻ-അസുര ശില്പി: ഇതിഹാസങ്ങളിലെ ബഹിരാകാശ നിലയങ്ങളുടെ ശില്പി

ഋഷി ദാസ്. എസ്സ്

ഇതിഹാസങ്ങളിലും പുരാണങ്ങളിലും അസുര ശില്പിയായി പ്രതിപാദിച്ചുകാണുന്ന മഹാ ശില്പിയാണ് മയൻ . അസുര ശില്പിയായാണ് വാഴ്ത്തപ്പെട്ടിരുന്നതെങ്കിലും ദേവന്മാർക്കും മനുഷ്യന്മാർക്കും വേണ്ടിയും മഹാനിര്മിതികൾ നടത്തിയിട്ടുണ്ട് മയൻ എന്ന മഹാ ശില്പി .

ഒരു പക്ഷെ മയനെ അസുര ശില്പിയായി കണക്കാക്കുന്നതിനു കാരണം അദ്ദേഹത്തിന്റെ ഏറ്റവും മഹത്തരമായ സൃഷ്ടി അസുരന്മാർക്കുവേണ്ടി ഉള്ളതുകൊണ്ടാകാം . ത്രിപുരങ്ങൾ എന്നറിയപ്പെട്ട ആകാശ നഗരങ്ങളായിരുന്നു മയന്റെ ഏറ്റവും മഹത്തായ സൃഷ്ടി .ദേവ ദാനവയുദ്ധങ്ങളും അതിൽ ദാനവർക്കുണ്ടായ പരാജയവുമാണ് ത്രിപുരങ്ങളുടെ നിര്മിതിയിലേക്ക് നയിച്ചത് .

ദാനവരുടെ തുടർച്ചയായ പരാജയങ്ങളിൽ മനം നൊന്ത് ആണ് മയനും ദാനവാഃ പ്രമാണിമാരായ വിദ്യുമാലിയും താരകനോടുമൊപ്പം ത്രിപുരങ്ങൾ എന്ന് വിളിക്കുന്ന ആകാശനഗരങ്ങളുടെ നിർമാണത്തിന് തുടക്കം കുറിച്ചത് . ദേവന്മാരുടെ കൈയിലുള്ള ഒരായുധത്തിനും നശിപ്പിക്കാൻ കഴിയാത്ത വളരെ ഉയർന്ന ഭ്രമണപഥത്തിൽ ആയിരുന്നു ത്രിപുരങ്ങളുടെ സഞ്ചാരം. വളരെക്കാലങ്ങൾക്കിടക്ക് ദുർല്ലഭമായ ഒരു മുഹൂർത്തത്തിൽ മാത്രമാണ് അവ മൂന്നും ഒരേ നേർരേഖയിൽ വന്നിരുന്നത് . ആ സമയത്ത് മഹാദേവനുമാത്രമാണ് ആ നഗരങ്ങളെ നശിപ്പിക്കുവാൻ ആകുമായിരുന്നത്.

മയൻ മൂന്ന് ആകാശനഗരങ്ങളാണ് പണിതത് . ഒന്ന് സ്വർണ്ണം കൊണ്ട് തനിക്കുവേണ്ടിത്തന്നെ . സുഹൃത്തായ താരകന് വേണ്ടി ഉരുക്കുകൊണ്ടായിരുന്നു രണ്ടാമത്തെ ആകാശനഗരം . മൂന്നാമത്തേത് വെള്ളികൊണ്ട് വിദ്യുമാലിക്ക് . ഈ നഗരങ്ങൾ എല്ലാം തന്നെ വിവിധതരം ആയുധങ്ങൾ കൊണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു . കുറേക്കാലം സാത്വികനായ മയന്റെ പ്രേരണയിൽ ദാനവർ പരദ്രോഹം ചെയ്യാതെ ശിവ ഭക്തരായി കഴിഞ്ഞു . കാലം കടന്നു പോയപ്പോൾ ത്രിപുരങ്ങൾ കൊള്ളനടത്താനുള്ള ആകാശ കപ്പലുകളാക്കി ദാനവർ മാറ്റി.
അവസാനം ദാനവരുടെ അതിക്രമങ്ങൾക്കറുതിവരുത്താൻ മഹാദേവൻ തന്നെ നേരിട്ടെത്തി ത്രിപുരങ്ങളെ തകർത്തു . മഹാമേരുവിനെ വില്ലാക്കി മഹാനാഗമായ ശേഷനാഗത്തെ ഞാൺ ആക്കി യാണ് മഹാദേവൻ തൃപുരങ്ങളിലേക്ക് ആയുധം തൊടുത്തത്. മഹാദേവൻ തന്നെ തന്റെ വാഹനമായ നന്ദിയെ അയച്ചു തന്റെ ഭക്തനായ മായാസുരനെ ത്രിപുരങ്ങളിൽ നിന്നും രക്ഷിക്കുകയും ചെയ്തു . സാത്വികനായ മയൻ മാത്രം ആണ് ആ നാശത്തെ അതിജീവിച്ചത്

ത്രിപുരങ്ങളെക്കൂടാതെ മറ്റുപല മഹാനിര്മിതികളും മയൻ നടത്തിയിട്ടുണ്ട് . ശ്രീ കൃഷ്ണന്റെ എതിരാളിയായ സാൽവനുവേണ്ടി മയൻ നിർമിച്ചു നൽകിയതാണ് സൗഭം എന്ന യുദ്ധ വിമാനം . വിശ്വകർമ്മാവ് നിർമിച്ച പുഷ്പക വിമാനം പ്രധാനമായും ഒരു യാത്രാവിമാനം ആയിരുന്നുവെങ്കിൽ മയന്റെ സൗഭം തികഞ്ഞ ഒരു പോർവിമാനം ആയിരുന്നു . ഒരേകദേശം പറഞ്ഞാൽ ഒരഞ്ചാം തലമുറ യുദ്ധവിമാനം പോലെയായിരുന്നു സൗഭം എന്ന് പറയാതെ തരമില്ല . അദൃശ്യമാകാൻ കഴിവുള്ള , അതിവേഗതയാർന്ന ,പലവിധ ആയുധങ്ങൾ വഹിക്കുന്ന സൗഭം ശ്രീ കൃഷ്ണനെത്തന്നെ കുഴക്കിയ ഒരായുധം ആയിരുന്നു .

അസുര രാജ ധാനിയിലെ പാർലമെന്റ് മന്ദിരമായ വൃഷപർവ സഭ മയനാണ് നിർമിച്ചത് . ദേവസഭയെ വെല്ലുന്നതായിരുന്നു വൃഷപർവ സഭ . പാണ്ഡവർക്കുവേണ്ടി ഇന്ദ്രപ്രസ്ഥവും മയ സഭയും നിർമിച്ചതും മയൻ തന്നെ . പലപ്പോഴും മയൻ ദേവതുല്യമായതോ അതിലേറെയോ ബഹുമാനവും പരിഗണനയും ലഭിക്കുന്നതും പുരാണങ്ങളിൽ കാണാം .

ബ്രഹ്മപൗത്രനായ കാശ്യപപ്രജാപതിയുടെ പത്നി ദനുവിന്റെ പുത്രന്മാരിൽ പ്രധാനിയാണ് മയൻ . മയന്റെ പത്നി ഹേമ . അവരുടെ പുത്രിയാണ് സർവ്വഗുണ സമ്പന്നയായ രാവണ പത്നി മണ്ഡോദരി . അദ്ദേഹത്തിന് വ്യോമൻ എന്ന ഒരു പുത്രനും ഉണ്ടായിരുന്നു . മയന്റെ ത്രിപുരനിർമാണത്തിലും വിമാന നിർമാണത്തിലും പ്രധാന പങ്കു വഹിച്ചതുകൊണ്ടാവാം അദ്ദേഹത്തിന് വ്യോമൻ എന്ന പേര് വന്നത് . പുരാണങ്ങളിലൂടെ കണ്ണോടിച്ചാൽ ദേവന്മാരെ പോലും അത്ഭുതപരതന്ത്രരാക്കിയ മയന്റെ പല നിര്മിതികളുടെയും സൂചനയും വിവരണവും കാണാം.

തമിഴ് വിശ്വാസങ്ങൾ പ്രകാരം മയൻ മഹാമുനി കൂടിയാണ് . പ്രണവ വേദം എന്ന മഹാവേദ ഗ്രന്ഥത്തിന്റെ രചയിതാവാണ് തമിഴ് വിശ്വാസപ്രകാരം മയൻ.