മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള പൊലീസ് കഥാപാത്രങ്ങള്‍ ഒരു വണ്ടിയുടെ ടയര്‍ മാറ്റാന്‍ പാടുപെടുന്ന ചിത്രമാണ് ഫസ്റ്റ്ലുക്കില്‍ കാണുന്നത്. ആക്ഷന്‍ കോമഡി എന്റര്‍ടെയിനര്‍ ചിത്രമായ ‘ഉണ്ട’യില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

പന്ത്രണ്ട് കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘അനുരാഗ കരിക്കിന്‍ വെള്ള’ത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചിന്‍ ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ ലോപസ് എന്നിവരാണ് മറ്റു താരങ്ങള്‍.

നോര്‍ത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ‘ഉണ്ട’യിലേത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.കാസര്‍ഗോഡ്, ഛത്തീസ്‌ഗഡ്, മാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാര്‍ ആണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.