മമേഖാന്റെ സംഗീതത്തില്‍ മതിമറന്ന് കാണികള്‍

ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാര്‍ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തില്‍ തരംഗമായി മമേഖാന്‍. കാണികളെ ഒന്നടങ്കം കൈയ്യിലെടുത്തായിരുന്നു മമേഖാന്റെയും സംഘത്തിന്റെയും പ്രകടനം. മലയാളത്തിലെ ‘സുന്ദരി സുന്ദരി… എന്ന പാട്ടുകൂടി പാടിയപ്പോള്‍ കൈയ്യടികള്‍ക്ക് ഒന്നുകൂടെ മാറ്റുകൂടി. ‘ഞാന്‍ നിങ്ങളുടെ പാട്ടുപാടി നിങ്ങള്‍ ഇനി എന്റെ പാട്ടുപാടണം’ എന്നായിരുന്നു മമേഖാന്‍ കാണികളോട് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ എക്കാലത്തെയും ശ്രദ്ധേയമായ ‘ചൗധരി’യും വേദിയില്‍ പാടി. ഹാര്‍മോണിയം, സിത്താര്‍, ഖര്‍ത്താല്‍സ്, മോര്‍ഷങ്, കീബോഡ്, ഗിത്താര്‍ എന്നിവയുടെ വാദ്യമേളങ്ങളും  അകമ്പടിയും ഉണ്ടായിരുന്നു.

രാജസ്ഥാനില്‍ നിന്നുള്ള രാജ്യാന്തര പ്രശസ്തനായ സൂഫി നാടന്‍ പാട്ടുകാരനാണ് മമേഖാന്‍. ഇത്തവണത്തെ നാടോടി കലാസംഗമത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം മമേഖാനും സംഘവും അവതരിപ്പിച്ച സൂഫിഗാനം തന്നെ. പതിനഞ്ചു തലമുറയായി രാജസ്ഥാനിലെ സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന കുടുംബത്തിലെ ഗായകനാണ് മമേഖാന്‍. രാജസ്ഥാനികളുടെ ജീവിതത്തിലെ എല്ലാ ആഘോഷങ്ങളിലും ഒഴിച്ചുനിറുത്താനാകാത്ത മംഗാനിയാര്‍ സംഗീതത്തില്‍ അഗ്രഗണ്യനാണ് ഇദ്ദേഹം.

സൂഫി സംഗീതത്തെ രാജസ്ഥാനി നാടോടി സംഗീതവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷനാണ് മമേഖാന്‍ അവതരിപ്പിച്ചത്.
ദേശീയ നാടോടി കലാസംഗമത്തിന്റെ  സമാപനത്തോടനുബന്ധിച്ച് പടയണിക്കോലങ്ങള്‍ അവതരിപ്പിക്കും. പകല്‍ രണ്ടുമുതല്‍ നിശാഗന്ധി പരിസരത്ത് പടയണിക്കോലങ്ങളുടെ ചമയമിടല്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകും. രാത്രി 8.30ന് നിശാഗന്ധിയില്‍നിന്ന് നൂറുകണക്കിന് ചൂട്ടുകറ്റകളുടെ അകമ്പടിയോടെ കോലങ്ങള്‍ മാനവീയം വീഥിയിലേക്ക് തിരിക്കും. പത്തനംതിട്ടയിലെ കലാകാരന്മാരാണ് പടയണി അവതരിപ്പിക്കുന്നത്.