മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യു

കേരള ലളിത കലാ അക്കാദമിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും നിര്‍മാതാവുമായ ജോയ് മാത്യു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൂവന്‍കോഴിയായി ചിത്രീകരിച്ചുള്ള കാര്‍ട്ടൂണ്‍ മതനിന്ദയാണെന്നും അവാര്‍ഡ് പുനപരിശോധിക്കണമെന്നുമുള്ള മന്ത്രിയുടെ നിലപാടിനെയാണ് അദ്ദേഹം പരിഹസിക്കുന്നത്. കൊടുത്ത പുരസ്‌കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരില്‍ തിരിച്ചെടുക്കുന്ന കേരള സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം നേടുകയാണെന്ന് ജോയ് മാത്യു പരിഹസിച്ചു.

‘കന്യാസ്ത്രീ പിടിയനായ ഫ്രാന്‍കോയെന്നും പി സി ജോര്‍ജ്ജ് ബിഷപ്പ് ഫ്രാങ്കോയെന്നും വിളിക്കുന്ന ആളെ കോഴിയുടെ രൂപത്തില്‍ (പോര്‍ച്ചുഗീസ് ഭാഷയില്‍ ഫ്രാങ്കോ എന്നാല്‍ കോഴി എന്നാണ് അര്‍ത്ഥം ) പോലീസ് തൊപ്പിമേല്‍ കയറ്റിവെച്ചിരിക്കുന്നു എന്നതായിരിക്കില്ല ഇടത് പക്ഷ ഗവര്‍മെന്റിന്റെ മന്ത്രിയെ ചൊടിപ്പിച്ചത്. ഫ്രാന്‍കോയുടെ കയ്യില്‍ ക്രിസ്ത്യാനികള്‍ എന്ന് പറയപ്പെടുന്നവര്‍ ചാര്‍ത്തിക്കൊടുത്ത തിരുവടി എന്ന വടിയില്‍ ഒരു ഷെഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയത’്- ജോയ് മാത്യു ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പരിഹസിക്കുന്നു.