മനുഷ്യന് 400 വര്‍ഷം വരെ ജീവിച്ചിരിക്കാനാകുമെന്ന് ബാബാ രാംദേവ്


ന്യൂഡല്‍ഹി: മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്എന്നാല്‍, തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമെന്നും യോഗാചാര്യന്‍ ബാബാ രാംദേവ്.

സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപരമായി ജീവിക്കാന്‍ കഴിയും. ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മള്‍ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത സമ്മര്‍ദം പോലുള്ള രോഗങ്ങള്‍ നാം ക്ഷണിച്ചു വരുത്തുന്നവയാണ്. ഇത് നമ്മുടെ ആയുസ്സ് കുറയ്ക്കുകയും ജീവിതം മരുന്നിനും ഡോക്ടര്‍മാര്‍ക്കും അടിമപ്പെടുകയുമാണെന്നും 12-ാമത് നാഷണല്‍ ക്വാളിറ്റി കോണ്‍ക്ലേവില്‍ ബാബ രാംദേവ് പറഞ്ഞു.

ആരോഗ്യം നിലനിര്‍ത്തുന്നതിന് യോഗ ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യം നിലനിലനിര്‍ത്തുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

ഭക്ഷണം നിയന്ത്രിച്ചതിലൂടെ 38 കിലോ ഭാരമാണ് അമിത്ഷാ കുറച്ചതെന്ന് രാംദേവ് പറഞ്ഞു. ഉച്ചഭക്ഷണത്തില്‍ കര്‍ശന നിയന്ത്രണം വരുത്തുന്നതിനൊപ്പം രാത്രി ഭക്ഷണം പുഴുങ്ങിയ പച്ചക്കറിയും സൂപ്പുമായി മിതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും താന്‍ ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നും രാംദേവ് വാദിച്ചു. ആറ് മണിക്കൂര്‍ ഉറക്കം, ഒരു മണിക്കൂര്‍ വ്യായാമം, സമീകൃതാഹാരം എന്നിവയാണ് ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാനുള്ള പോംവഴിയെന്നും രാംദേവ് പറഞ്ഞു.
രോഗപ്രതിരോധ ശേഷി കുറയുന്നതാണ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണം. യോഗ പോലുള്ളവ ശീലമാക്കിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താമെന്നും രാംദേവ് അഭിപ്രായപ്പെട്ടു.