മനുഷ്യനിൽ നിന്നും റോഡിൽ നിന്നും ഏറ്റവും അകലെ !

ജൂലിയസ് മാനുവൽ

ഫ്ലോറിഡയിലെ Wakulla കൗണ്ടിയിൽ താമസിക്കുന്ന , ഗവേഷകരും സഞ്ചാരപ്രിയരുമായ ദമ്പതികളാണ് റിയാനും , റെബേക്കയും (Ryan, 45, Rebecca, 44). അവർക്ക്‌ ഒന്പതുവയസ്സുള്ള ഒരു മകളും ഉണ്ട് (Sklya). വർഷങ്ങൾക്ക് മുൻപൊരുനാൾ മയാമിയിലെ ഒരു ബീച്ചിലൂടെ നടന്നപ്പോഴാണ് റിയാന് ആകെ ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടത്. ബീച്ച് ആകെ ജനനിബിഡം . ഒച്ചയും ബഹളവും . ഭൂമിയിലുള്ള സകല മനുഷ്യരും അന്ന് ബീച്ചിലെത്തിയതായി റിയാന് തോന്നി .

ആകെ ഭ്രാന്ത് പിടിച്ച് വീട്ടിലെത്തിയ റിയാൻ റെബേക്കയോട് പറഞ്ഞു . ഇനി യാത്ര പോകുമ്പോൾ ആരുമില്ലാത്ത എവിടേക്കെങ്കിലും പോകണം . തിരക്ക് എനിക്ക് അലർജി ആയി തുടങ്ങി . എങ്കിൽ ചന്ദ്രനിൽ പോകേണ്ടി വരും . റെബേക്ക കളിയാക്കി . പക്ഷെ റിയാൻ ഓർമ്മിപ്പിച്ചു , നാം അലാസ്കക്ക് പോയത് ഓർമ്മയില്ലേ എന്ത് ശാന്തവും സുന്ദരവുമായിരുന്നു . അതുപോലുള്ള ഏതെങ്കിലും സ്ഥലം , അതാണ് ഞാൻ ഉദ്യേശിച്ചത് . അങ്ങിനെ ഒരു സ്ഥലം ഈ ഫ്ലോറിഡയിൽ ഉണ്ടാവുമോ ? മനുഷ്യനിൽ നിന്ന് ഏറെ അകന്നോരു സ്ഥലം ? “റിമോട്ടെസ്റ്റ് പ്ലേസ് ” എന്നാണ് റിയാൻ ഉദ്യേശിച്ചത് .

ജീവനുള്ള GIS ഗുരു ആയ റെബേക്ക (geographic information system) ആ വെല്ലുവിളി ഏറ്റെടുത്തു . ഗൂഗിൾ എർത്തും മാപ്പുകളും വെച്ചൊരു പിടി പിടിച്ചു . ഹ്യുമൻ സെറ്റിൽമെന്റുകളിൽ നിന്നും റോഡുകളിൽ നിന്നും (നടപ്പാതയും) ഏറ്റവും അകന്നിരിക്കുന്ന സ്ഥലം , അതായിരുന്നു “റിമോട്ടെസ്റ്റ് പ്ലേസ്” എന്നതിന് ആ ദമ്പതികൾ കൊടുത്ത നിർവചനം . ഏറെ പ്രയാസപ്പെട്ടെങ്കിലും റെബേക്ക അത്തരമൊരു സ്ഥലം ഫ്ലോറിഡയിൽ കണ്ടെത്തി ! കൂറ്റൻ ചതുപ്പ് നിലമായ എവർ ഗ്ലെഡ്‌ ദേശീയോദ്യാനത്തിലെ Marjory Stoneman Douglas Wilderness ആണ് സ്ഥലം .

 

തൊട്ടടുത്ത റോഡിൽ നിന്നും മനുഷ്യവാസ മേഖലയിൽ നിന്നും കുറഞ്ഞത് പതിനേഴ് മൈൽ മാറിയാണ് ആ സ്ഥലമുള്ളത് . കൂട്ടുകാരൻ സ്റ്റീവ് ജോൺസനോടൊപ്പം ചതുപ്പുനിലങ്ങളിലൂടെ മുപ്പത് മണിക്കൂർ ബോട്ടോടിച്ച് അവർ അവിടെ എത്തുക തന്നെ ചെയ്തു ! അന്ന് അവരുടെ മകളുടെ പ്രായം വെറും പത്തുമാസം ! (30 December 2009).

സ്വന്തമായി ചാർട്ട് ചെയ്ത് “കണ്ടെത്തിയ ” , ഫ്ലോറിഡയിലെ റിമോട്ടെസ്റ്റ് പ്ലേസിൽ എത്തിയ അവരുടെ വികാരം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു . അന്നവർ ഒരു തീരുമാനത്തിലെത്തി . അന്പത് അമേരിക്കൻ സംസ്ഥാനങ്ങളിലേയും ” റിമോട്ടെസ്റ്റ് പ്ലേസ് ” കണ്ടെത്തി അവിടെയെല്ലാം പോകണം ! . അസാധ്യമെന്നു ഒറ്റ നിരീക്ഷണത്തിൽ തോന്നിയേക്കാമെങ്കിലും ഈ ദമ്പതികൾ തങ്ങളുടെ കുഞ്ഞുമൊത്ത് അൻപതിൽ മുപ്പതിമൂന്നെണ്ണവും കവർ ചെയ്തു എന്ന് കേട്ടാൽ നാം ഞെട്ടും !

ഇതുവരെയുള്ള അനുഭവങ്ങളിൽ നിന്നും അവർ ചില ഡേറ്റകൾ നമുക്ക് നൽകുന്നു . അമേരിക്കയിലെ റിമോട്ടെസ്റ്റ് സ്ഥലങ്ങളുടെ ശരാശരി വിദൂരത , തൊട്ടടുത്ത റോഡിൽ നിന്നും ഏകദേശം 6.8 മൈലുകൾ ആണ് . എന്നാൽ നേരിട്ട് വഴികൾ ഇല്ലാത്തതിനാൽ അവിടെ ചെന്നെത്താൻ ചിലപ്പോൾ ദിവസങ്ങൾ എടുത്തേക്കാം . പക്ഷെ ഇതുവരെ ആരും ചെല്ലാത്ത ഒരു സ്ഥലം പോലും അവർക്ക് കണ്ടെത്താനായില്ല . പോയ മൂന്നിൽ രണ്ടു സ്ഥലങ്ങളിലും മൊബൈൽ കവറേജ് ഉണ്ടായിരുന്നു .

തൊട്ടടുത്ത റോഡിൽ നിന്നും ഏകദേശം 21.7 മൈലുകൾ അകലെ സ്ഥിതി ചെയ്യുന്ന Yellowstone National Park ലെ ഒരു പോയിൻറ്റാണ് അമേരിക്കയിലെ ഏറ്റവും റിമോട്ടെസ്റ്റ് പ്ലേസ് ( ഇതുവരെ ). ഒരാഴ്ച നടന്നാലേ ഇവിടെ എത്തിച്ചേരൂ !

എന്തായാലും കാര്യങ്ങൾ കുറെ യാത്രകൾ കൊണ്ട് തീർക്കാനല്ല ഇവർ ഉദ്യേശിക്കുന്നത് . Project Remote എന്നൊരു മിഷന് തന്നെ അവർ രൂപം കൊടുത്തു . ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും , ജില്ലകളിലെയും റിമോട്ടെസ്റ്റ് പ്ലേസ് കണ്ടെത്തുകയാണ് ഉദ്ദേശം . തൽക്കാലം അമേരിക്കയിലെ സകല വിദൂര സ്ഥലങ്ങളും മാപ്പ് ചെയ്ത ശേഷമേ പുറത്തെ കാര്യങ്ങൾ ആലോചിക്കുന്നുള്ളു.