മധുബനി, വർളി; ലോക പ്രശസ്തമായ ഈ ചിത്രകലാ ശൈലികളും കേരളത്തിലെ പെരുഞ്ചെല്ലൂരും തമ്മിലെന്താണ് ബന്ധം..?

പുടയൂർ ജയനാരായണൻ

ഈ ചിത്രങ്ങൾ നോക്കൂ; ഇവയ്ക്ക് എന്തെങ്കിലും പൊരുത്തം തോന്നുന്നുണ്ടോ. ഒറ്റ നോട്ടത്തിൽ ഇല്ല. ഒന്ന് ഇരുത്തി നോക്കിയാലും ഒരു സാമ്യവുമില്ല ഈ ചിത്രങ്ങൾക്ക് അല്ലേ. എന്നാൽ അത് അങ്ങ് ഉറപ്പിക്കാൻ വരട്ടെ. കാഴ്ചയിൽ ഒരു പൊരുത്തവും ഇല്ലെങ്കിലും ഇവയെ പൊരുത്തപ്പെടുത്തുന്ന എന്തോ ഒരു ഘടകം ഇവയ്ക്ക് തമ്മിൽ ഉണ്ട്. ഈ ചിത്രങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം അങ്ങ് വടക്ക് ഹിമാലയത്തിനും അപ്പുറത്ത് നിന്നാണ്. അങ്ങ് നേപ്പാളിൽ നിന്ന്. അടുത്ത രണ്ട് മഹാരാഷ്ട്രയുടേയും ഗുജറാത്തിന്റെയും അതിർത്തിയിലെ ചില ഗ്രാമങ്ങളിൽ നിന്നാണ്. ഇനി ഒടുവിലത്തെ ചിത്രം ഇങ്ങ് കൊച്ചു കേരളത്തിലെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ ഒരു ചെറു ഗ്രാമത്തിൽ നിന്നും. ഭൂമി ശാസ്ത്രപരമായി പോലും ഒരു ബന്ധവും ഈ ചിത്രങ്ങൾക്ക് ഇല്ലെങ്കിൽ കൂടിയും ഇവ പരസ്പരം ചാർച്ചക്കാരാണ്.

1 മധുബനി പെയ്ന്റിങ്ങ്

ഇന്ന് നേപ്പാളിലും, ഇന്ത്യയിൽ ബീഹാറിന്റെ വടക്കൻ പ്രദേശങ്ങളിലും വ്യാപിച്ച് കിടന്ന രാമായണ കഥയിലെ ജനക മഹാരാജാവിന്റെ, സീതയുടെ, മിഥിലയുടെ തലസ്ഥാനമാണ് മധുബനി. മധുബനിയിൽ പുരാതന കാലം മുതൽക്ക് പ്രചാരത്തിലുണ്ടായിരുന്ന ഒരു പരമ്പരാഗത ചിത്രകലാ രീതിയാണ് ഇത്. പിൽക്കാലത്ത് പ്രചുര പ്രചാരം നേടിയപ്പോൾ മധുബനിക്ക് പുറത്തേക്ക് ഈ ചിത്രകലാ രീതി വളരുകയും സാർവ്വത്രികമായ അംഗീകാരം നേടുകയും ചെയ്തു.

2 വർളി പെയ്ന്റിങ്ങ്

വളരെ പ്രാചീനമായ മറ്റൊരു ഗോത്ര ചിത്രരചനാ രീതിയാണ് വർളി പെയ്ന്റിങ്ങ്. മഹാരാഷ്ട്രയുടെ വടക്ക് കിഴക്കൻ മലയോര മേഖലകളിൽ തുടങ്ങി ഗുജറാത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ഒരു ഗോത്ര ജനതയുടെ ചിത്രരചനാ ശൈലിയാണ് ഇത്. പത്ത് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചിത്രരചനാ ശൈലിയാണ് ഇത് എങ്കിലും സ്വാതന്ത്രാനന്തരമാണ് ദേശീയ തലത്തിലേക്ക് ഈ സമ്പ്രദായം ശ്രദ്ധയാകർഷിക്കുന്നതും പ്രചാരം നേടുന്നതും

3) പെരുഞ്ചെല്ലൂർ ചിത്രങ്ങൾ

കേരളത്തിലെ പുരാതന 32 ബ്രാഹ്മണ സങ്കേതങ്ങളിൽ ഏറ്റവും പഴക്കമുള്ള ഗ്രാമമാണ് ഇന്ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന പെരുഞ്ചെല്ലൂർ ഗ്രാമം.
പെരുഞ്ചെല്ലൂർ ചിത്രങ്ങൾ എന്ന് അന്വേഷിച്ചാൽ അത്തരമൊരു വിഭാഗത്തിൽ പെട്ട ചിത്രങ്ങൾ കണ്ടെത്താൻ ആർക്കും പറ്റിയെന്ന് വരില്ല. കാരണം മധുബനിയേ പോലെയോ, വർളിയെ പോലെയൊ അർഹിക്കുന്ന പൊതുശ്രദ്ധ ഇതിന് കിട്ടിയിട്ടില്ല, മാത്രവുമല്ല ഇതിനങ്ങിനെ ഒരു പേരിട്ട് ഇത് വരെയും ആരും വിളിച്ചിട്ടുമില്ല. പെരുഞ്ചെല്ലൂരിലെ നമ്പൂതിരി കുടുംബങ്ങൾക്കിടയിൽ ഉള്ള ഒരു പരമ്പരാഗത ചിത്രരചനാശൈലിയാണ് ഇത്. നാശോന്മുഖം എങ്കിലും ഇന്നും വലിയൊരു ശതമാനത്തോളം നിലനിന്ന് പോകുന്ന ഒരു ശൈലി.

താരതമ്യം

1 ഈ മൂന്ന് ശൈലി ചിത്രങ്ങളും വീടുകളിലെ ചുമരുകളിൽ പ്രത്യേക ഉദ്ദേശത്തോടെ വരയ്ക്കുന്നവയാണ്/ മധുബനിയും വർളിയും ഇപ്പോൾ ക്യാൻവാസിലേക്കും, ഡ്രസ് മെറ്റീരിയലുകളിലേക്കും എല്ലാം കടന്ന് വന്നത് സമീപകാലത്ത് മാത്രമാണ്.

2 ഈ മൂന്ന് ശൈലികളിലും പരമ്പരാഗതമായി ചിത്രങ്ങൾ വരയ്ക്കുന്നത് സ്ത്രീകളാണ്

3 മൂന്നു സമ്പ്രദായത്തിലും അവരവരുടെ വീടുകളിലെ വിശേഷ അവസരങ്ങളോടോ ആഘോഷങ്ങളോടൊ അനുബന്ധിച്ചാണ് ഇത്തരം ചിത്രങ്ങൾ മാറ്റി വരയ്ക്കുന്നത്.

4 ഐശ്വര്യവും കുടുംബ ഭദ്രതയും ആണ് മൂന്ന് ശൈലിയുടേയും പൊതു സ്വഭാവം.

പെരുഞ്ചെല്ലൂർ ശൈലി

പെരുഞ്ചെല്ലൂർ ഗ്രാമത്തിലെ നമ്പൂതിരി തറവാടുകളുടെ നാലുകെട്ടിൽ വടക്കിണിയുടെ വടക്കേ ചുമരിലാണ് ഈ ശൈലിയിലുള്ള ചിത്രങ്ങൾ വരയ്ക്കുന്നത്. നമ്പൂതിരി ഇല്ലങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ഒരു ഇടമാണ് വടക്കിണി. തറവാട്ടിൽ ഒരു കുഞ്ഞ് ജനിച്ചാൽ ആ കുഞ്ഞിന്റെ ജാതകർമ്മം മുതൽ നാമകരണം, ചോറൂണ്, ഉപനയനം തുടങ്ങി ബാക്കിയങ്ങോട്ട് ഉള്ള സംസ്കാര ക്രിയകൾ എല്ലാം നടക്കുന്നയിടം വടക്കിണിയാണ്. ഒടുക്കം മരണ ശേഷം സംസ്കാര ക്രിയയ്ക്ക് മുമ്പ് കിടത്തുന്നയിടവും വടക്കിണി തന്നെ. പെരുഞ്ചെല്ലൂരിലെ അന്തർജനങ്ങൾ തങ്ങളുടെ തറവാട്ടിന്റെ ഐശ്വര്യത്തിനായുള്ള ചിത്രങ്ങൾ വരയ്ക്കാനുള്ള ഇടമായി വടക്കിണിയെ തെരഞ്ഞെടുത്തതിന് കാരണവും അത് തന്നെയാകാം.

ഇല്ലത്തെ ആൺ കുട്ടിയുടെ ചോറുണ്, ഉപനയനം, വിവാഹം ഈ മൂന്ന് അവസരത്തിലാണ് ഇത്തരത്തിൽ ചിത്രങ്ങൾ മാറ്റിവരയ്ക്കുന്നത്. ഓരോ അവസരത്തിലും ചെമ്മൺ കവിയടിച്ച ചുവന്ന പ്രതലത്തിൽ അരിമാവ് കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നു. പെരുഞ്ചെല്ലൂരപ്പൻ (രാജരാജേശ്വരൻ ), വിളക്ക്, കവരവിളക്ക്, കണ്ടി, തളിയരിത്തട്ട്, ആൽമരം, ആന, തൊട്ടിലും കുഞ്ഞും ഇവയാണ് പൊതുവായി പെരുഞ്ചെല്ലൂരിലെ എല്ലാ ഇല്ലങ്ങളിലും കാണുന്ന ചിത്രങ്ങൾ. ഇവയ്ക്ക് ചുറ്റും അണിഞ്ഞ് മോടി പിടിപ്പിക്ക കൂടി ചെയ്യുന്നതോടെ പെരുഞ്ചെല്ലൂർ ചിത്രങ്ങളുടെ തനിമ കൈവരുന്നു.

പെരുഞ്ചെല്ലൂർ ശൈലിയുടേത് പോലെ തന്നെ ഇരിങ്ങാലക്കുട ഗ്രാമത്തിലെ ഇല്ലങ്ങളിലും അന്തർജനങ്ങൾ വിശേഷ അവസരങ്ങളിൽ ചുമരിൽ ഇത്തരത്തിൽ അരിമാവ് കൊണ്ട് ചിത്രം വരയ്ക്കുന്ന പതിവ് ഉണ്ടത്രേ. എന്നാൽ അത് വടക്കിണിക്ക് പകരം കിഴക്കിണിയിലാണെന്ന് മാത്രം. അതുപോലെ തറവാട്ടിലെ വിവാഹങ്ങൾക്ക് മാത്രമാണ് ഇവ്വിധം ചിത്രങ്ങൾ മാറ്റിവയ്ക്കുന്ന പതിവുള്ളത്. എന്നാൽ കൗതുകമായി തോന്നിയത് പെരുഞ്ചെല്ലൂർ ശൈലിയിലുള്ള പല ചിത്രങ്ങളും ഇരിങ്ങാലക്കുട ചിത്രങ്ങളിലും ഉണ്ട് എന്നതാണ്. ആൽമരവും, കിണ്ടിയും, വിളക്കുകളും എല്ലാം അവിടത്തെ ചിത്രങ്ങളിലുമുണ്ട്.

എന്താണ് ഈ പൊരുത്തങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങ് വടക്ക് ഹിമാലയ പർവ്വതത്തിനുമപ്പുറം നേപ്പാളിലെ ഇന്നത്തെ ജനക്പുരിയും ബീഹാറിലെ മധുബനിയും, മഹാരാഷ്ട്രയിലെ വർളിയും കണ്ണൂരിലെ പെരുഞ്ചെല്ലൂരും, തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കടയും എല്ലാം പരസ്പരം അറിയാത്ത എന്തോ ഒരു ബന്ധം പേറുന്നുണ്ട് എന്ന് തന്നെയല്ലേ സൂചിപ്പിക്കുന്നത്. ഒരു പക്ഷേ പണ്ടെങ്ങോ നടന്ന ഒരു ദീർഘമായ കുടിയേറ്റ കാലത്തേക്ക് ഈ സൂചനകൾ വെളിച്ചം പകരുമോ..? പിന്നിലേക്ക് നോക്കിയാൽ കൂരിരുട്ടാണ്. നിലവിലെ ലഭ്യമായ നമ്മുടെ ചരിത്രം എന്നത് രണ്ട് കട്ടയിട്ട ഒരു ബാറ്ററി ടോർച്ചിന്റെ വെളിച്ചം പതിഞ്ഞയിടത്തോളമുള്ള ചരിത്രം മാത്രമാണ്. അതിനുമപ്പുറേത്തേക്ക് എത്രയോ കാതം നീണ്ട് കിടക്കുന്നതാണ് യഥാർത്ഥ കേരള ചരിത്രം. ഈ ഇരുട്ട് നീക്കാൻ പരമ്പരാഗത ചരിത്രാന്വേഷണ രീതികൾ മാത്രം മതിയാകുമോ നമുക്ക്..?