മദ്യലഹരിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറ്റി; ഗര്‍ഭസ്ഥ ശിശു മരിച്ചു

ശാസ്താംകോട്ട: ശൂരനാട് വടക്ക് പള്ളിയില്‍ നിന്നു മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു മദ്യലഹരിയില്‍ ലോറി ഇടിച്ചുകയറ്റി. സംഭവത്തില്‍ ഗര്‍ഭിണിയുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു, ഗര്‍ഭസ്ഥ ശിശു മരിച്ചു. ശൂരനാട് വടക്ക് മുസ്ലിം ജമാ അത്ത് പള്ളിക്കു സമീപമാണു സംഭവം. മദ്യലഹരിയിലായിരുന്ന ലോറിയുടെ ഡ്രൈവര്‍ കണ്ണമം സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശൂരനാട് വടക്ക് തെക്കേമുറി പ്ലാവിലതെക്കേതില്‍ നാഹി (19) യുടെ ഗര്‍ഭസ്ഥ ശിശുവാണ് മരിച്ചത്. നാഹിയെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഹിയുടെ ഭര്‍തൃമാതാവ് ഹസീന (45), ജാന്‍സി മന്‍സിലില്‍ സീനത്ത് (55) ഇവരുടെ പേരക്കുട്ടികളായ നയ്മ (9), സന (9) എന്നിവര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.