മദ്യകുപ്പിയിൽ മഹാത്മാഗാന്ധി: മാപ്പ് പറഞ്ഞ് ഇസ്രായേൽ മദ്യ കമ്പനി

ഇസ്രായേൽ :മദ്യകുപ്പിയിൽ ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ചതിനെ തുടർന്ന് വിവാദത്തിലായി ഇസ്രായേൽ മദ്യ കമ്പനി.ഇസ്രയേലിന്റെ 71ാം സ്വാതന്ത്ര ദിനത്തിന്റെ ഭാഗമായി മാൽക്ക കമ്പനിയാണ് ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ച മദ്യക്കുപ്പികൾ പുറത്തിറക്കിയത്.സംഭവം വിവാദമായതോടെ ചിത്രം പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരിക്കുകയാണ് കമ്പനി.ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും വികാരം മനസിലാക്കി മാപ്പു പറയുന്നുവെന്നും മഹാത്മാഗാന്ധിയെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ബ്രാന്‍ഡ് മാനേജര്‍ ഗിലാദ് ദ്രോദ് വ്യക്തമാക്കി. ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയ മദ്യക്കുപ്പികളില്‍ മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിമാരായ ഡേവിഡ് ബെന്‍ ഗുറിയോണ്‍, ഗോള്‍ഡ് മേയര്‍ എന്നിവരുടെ ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്.
അതേസമയം മദ്യക്കുപ്പികളില്‍ ചിത്രം പതിപ്പിച്ചവരിൽ ഇസ്രയേലുകാരനല്ലാത്ത ഒരേയൊരു വ്യക്തി മഹാത്മാ ഗാന്ധിയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോട് സഭാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടിട്ടുണ്ട്.