മദ്യം നൽകാത്തതിന് എയർ ഇന്ത്യ ജീവനക്കാരുടെ മുഖത്തു തുപ്പിയ ഐറിഷ് വനിത മരിച്ച നിലയിൽ

മദ്യം നൽകാത്തതിന് എയർ ഇന്ത്യ ജീവനക്കരെ അസഭ്യം പറയുകയും തുപ്പുകയും ചെയ്‌ത ഐറിഷ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. 50കാരിയായ സൈമണ്‍ ബേണ്‍സ്നെ ആണ് ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലുളള വസതിയിൽ ജൂണ്‍ ഒന്നിന് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച്‌ കൂടുതല്‍ മദ്യം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു സൈമണ്‍ എയർ ഇന്ത്യ ജീവനക്കാരോട് തട്ടിക്കയറിയത്.. ഈ കേസില്‍ സൈമണെ ആറ് മാസം തടവിന് വിധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ജയിലില്‍ നിന്നും പുറത്ത് വന്നത്.

കൂടുതല്‍ മദ്യം നല്‍കാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ വിസമ്മതിച്ചതോടെയാണ് യുവതി വിമാനത്തില്‍ ബഹളം വയ്ക്കാൻ തുടങ്ങിയത്. യുവതി അസഭ്യ വര്‍ഷം തുടങ്ങിയതോടെ മറ്റു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടായി തുടങ്ങി.താനൊരു രാജ്യാന്തര അഭിഭാഷകയാണെന്നും ,അഭയാര്‍ഥികള്‍ക്കും, പലസ്തീന്‍ ജനതയ്ക്കും വേണ്ടി പോരാടുന്ന ആളാണ് താനെന്നും ഇവർ പറയുന്നുണ്ടായിരുന്നു.പിന്നീട് ലണ്ടന്‍ വിമാനത്താവളത്തില്‍ വച്ച്‌ യുവതിയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സൈമണെ ബ്രിട്ടീഷ് മജിസ്ട്രേറ്റ് കോടതി ആറ് മാസം തടവിനും 3000 പൗണ്ട് നഷ്ടപരിഹാരവും നൽകണമെന്ന് വിധിച്ചിരുന്നു.താൻ ചെയ്‌ത പ്രവർത്തിയിൽ പശ്ചാത്താപമുണ്ടെന്ന് അവർ കോടതിയെ അറിയിച്ചിരുന്നു.