മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തി ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെയും തീരപ്രദേശത്തെയും ആശങ്കയിലാഴ്ത്തി ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു. തീരദേശത്ത് ശക്തമായ തിരമാലകളും തെക്കന്‍ മേഖകളില്‍ ശക്തമായ കാറ്റുമാണ് ഇന്നലെ ഉണ്ടായത്. മൂടി നില്‍ക്കുന്ന കാലാവസ്ഥയും ചെറിയ തോതില്‍ കടല്‍ പ്രക്ഷുബ്ധമാകുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ഓഖി ദുരന്തത്തിനു ശേഷം മത്സ്യത്തൊഴിലാളികളുടെ ജീവിതം സാധാരണ ഗതിയിലേക്ക് വരുന്നതിനിടയ്ക്കാണ് വീണ്ടും ന്യൂനമര്‍ദ്ദത്തിന്‌റെ മുന്നറിയിപ്പുകള്‍ ആശങ്ക പടര്‍ത്തുന്നത്. ബുധനാഴ്ച വരെ ആരും കടലില്‍ പോകരുതെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ന്യൂനമര്‍ദ്ദത്തിന്റെ നിര്‍ദേശം ലഭിച്ചതുമൂലം സംസ്ഥാനത്ത് മൂന്ന് ദിവസമായി മത്സ്യബന്ധന മേഖലയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.കേരളതീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

തിരുവനന്തപുരത്തുനിന്ന് 390 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പ് ഉണ്ട്.