മതന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജ്ജിക്കണം: മോഡി

മതന്യൂനപക്ഷങ്ങളുടെയും ദലിതരടക്കമുള്ള പീഢിത വിഭാഗങ്ങളുടെയും വിശ്വാസമർജിക്കാനാവണം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വരുന്ന അഞ്ചു വർഷങ്ങൾ ചിലവഴിക്കാൻ എന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി.

“ഇതുവരെ നമ്മുടെ മുദ്രാവാക്യം ‘സബ് കാ സാഥ്, സബ് കാ വികാസ്’ ആയിരുന്നു, ഇനിയത് ‘സബ് കാ വിശ്വാസ്’ കൂടെയാവണം,” തന്നെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതാവായി തെരഞ്ഞെടുത്തതിന് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത മോഡി പറഞ്ഞു.

“പാവപ്പെട്ടവർ ഇക്കാലമത്രയും ചർച്ച ചെയ്യപ്പെടാനുള്ള വിഷയം മാത്രമായിരുന്നു, വെറും ഫാഷൻ. നമ്മൾ പാവപ്പെട്ടവർക്ക് മേൽ വിരിച്ചിരുന്ന കൃത്രിമത്വത്തിന്റെ ആവരണം കീറിയെറിഞ്ഞ് അവരുമായി നേരിട്ടിടപെട്ടു. 2014ൽ ഞാൻ പറഞ്ഞു എന്റെ ഗവണ്മെന്റ് ദളിതർക്കും പാവപ്പെട്ടവർക്കും, ഇരകൾക്കും വേണ്ടിയാകും പ്രവർത്തിക്കുകയെന്ന്. അഞ്ചു വർഷത്തിന് ശേഷം ഞാൻ ഇന്ന് പറയുന്നു, നമ്മൾ ആ കാഴ്ച്ചപ്പാടിൽ നിന്ന് അണുവിട വ്യതിചലിച്ചില്ല.” 

“പാവപ്പെട്ടവരെപ്പോലെ മതന്യൂനപക്ഷങ്ങളും വഞ്ചിക്കപ്പെടുകയായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി അവരെ കൃത്രിമമായ ഒരന്തരീക്ഷം സൃഷ്ടിച്ച് അതിൽ നിലനിർത്തിയിരിക്കുകയായിരുന്നു, ഇലക്ഷൻ കാലത്ത് മാത്രം ഉപയോഗിക്കാൻ. ആ കൃത്രിമ ആവരണവും നമുക്ക് കീറിയെറിയണം. കൂടുതൽ ഫലപ്രദമാവുക മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസത്തെയും അവരുടെ ആരോഗ്യപ്രശ്നങ്ങളെയും കുറിച്ച് ചിന്തിക്കുന്നതാണ്. അവരുടെയും വിശ്വാസം നമുക്കർജിക്കാൻ കഴിയണം,” നിയുക്ത പ്രധാനമന്ത്രി പറഞ്ഞു. 

വൈകിട്ട് തന്നെ വന്നു കണ്ട മോദിയെ പ്രസിഡന്റ്  രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയായി നിയമിച്ച് ക്യാബിനറ് രൂപീകരിക്കാൻ ക്ഷണിച്ചു.