‘മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ’ ഞാൻ പതിന്മടങ്ങ് വീര്യത്തിൽ മടങ്ങിയെത്തും: ഇയാൻ ഹ്യൂം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരുമെന്ന് ആരാധകര്‍ക്ക് ഇയാന്‍ ഹ്യൂമിന്റെ ഉറപ്പ്. പൂണെയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഐഎസ്എല്ലിലെ മുന്നോട്ടുളള മത്സരങ്ങളില്‍ നിന്നും പുറത്തായ ഹ്യൂം ട്വിറ്ററിലൂടെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്.ഇന്ന് രാവിലെയാണ് ഇനിയുളള മത്സരങ്ങളില്‍ ഹ്യൂമിന്റെ സേവനം ലഭിക്കില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് അറിയിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണനിരയില്‍ നിര്‍ണായക താരമായ ഹ്യൂം കൂടി ടീമിലില്ലാതാകുന്നതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴും.കെസിറോണ്‍ കിസിറ്റോ, ദിമതര്‍ ബെര്‍ബറ്റോവ് എന്നീ താരങ്ങളും പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്താണ് എന്നിരിക്കെ ഹ്യൂമിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് വൻ കുരുക്കായത്.
പ്രയാസമേറിയ തീരുമാനമാണെന്നും പക്ഷെ അനിവാര്യമാണെന്നും ഹ്യൂം പറയുന്നു. എന്നാല്‍ താന്‍ തിരിച്ചു വരുമെന്നും ഈ വാക്കുകള്‍ വിശ്വസിക്കാമെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു. തന്റെ ആരോഗ്യ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെക്കുമെന്നും തിരിച്ചു വരുമ്പോള്‍ താന്‍ വേറെ ആളായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സസ്പെൻഷനിലായ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും ഇയാൻ ഹ്യൂമും ഇല്ലാതെയാണു ബ്ലാസ്റ്റേഴ്സ് ഇന്നു കളിക്കാൻ ഇറങ്ങുക. പരുക്കേറ്റെങ്കിലും നാട്ടിലേക്കു മടങ്ങാതെ, ടീമിനൊപ്പം ആവേശത്തിരി കത്തിച്ചു ചുറ്റിക്കറങ്ങാനാണു ഹ്യൂമിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.