മക്കള്‍ രാഷ്ട്രീയത്തിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം എന്നിവര്‍ മക്കള്‍ക്ക് സീറ്റ് നല്‍കിയതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്.

നേതാക്കള്‍ പാര്‍ട്ടി താത്പര്യത്തേക്കാള്‍ മക്കളുടെ കാര്യത്തിന് പ്രാധാന്യം നല്‍കിയെന്ന് രാഹുല്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ക്ക് സീറ്റ് നല്‍കണമെന്ന ഇവരുടെ ആവശ്യത്തെ രാഹുല്‍ എതിര്‍ത്തിരുന്നു. പ്രാദേശിക നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്നായിരുന്നു രാഹുലിന്റെ നിര്‍ദേശം.

അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ട് രാജസ്ഥാനിലെ ജോദ്പൂരില്‍ പരാജയപ്പെട്ടിരുന്നു. കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് മധ്യപ്രദേശിലെ ചിന്ദ് വാരയിലും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയിലും വിജയിച്ചിരുന്നു.