മക്കയിൽ ചൂട് 40 ഡിഗ്രിക്ക് മുകളിൽ ; ഹജ്ജ് മിഷൻ മുന്നറിയിപ്പ് നൽകി

മക്കയിലും മദീനയിലും ഓരോ ദിനവും താപനില ഉയരുകയാണ്. കൊടു ചൂടിലാകും ഹജ്ജ് കര്‍മങ്ങള്‍. ചൂടധികമായതോടെ ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് മിഷന്‍. 40 ഡിഗ്രിക്ക് മുകളിലാണ് മക്കയിലും മദീനയിലും ശരാശരി ചൂട്. പ്രായമേറിയവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്. ഹജ്ജ് സമയത്ത് നാല്‍പത്തഞ്ച് ഡിഗ്രിക്കരികിലെത്തും താപനില.

നിര്‍ജലീകരണത്തിനും തളര്‍ച്ചക്കും സാധ്യതയേറും വരും ദിനങ്ങളില്‍. ഹജ്ജ് മിഷനും സ്വകാര്യ ഗ്രൂപ്പുകളും ഹാജിമാര്‍ക്ക് കുടയും വേണ്ടുവോളം പാനീയങ്ങളും നല്‍കുന്നുണ്ട്. ശരീരത്തില്‍ ജലത്തിന്റെ അളവ് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് അറിയിപ്പു നല്‍കുന്നു.ഉച്ച സമയമൊഴിവാക്കി വേണം ഹാജിമാരുടെ സന്ദര്‍ശനങ്ങളെന്ന് വളണ്ടിയര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു. വഴി നീളെ അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനം വരും ദിവങ്ങളില്‍ സ്ഥാപിക്കും.