മകള്‍ മരിച്ചശേഷവും ബാങ്ക് അധികൃതര്‍ വിളിച്ചു, പണം ആവശ്യപ്പെട്ടു: അച്ഛന്‍

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് അച്ഛന്‍ ചന്ദ്രന്‍. വൈകിട്ട് അഞ്ച് വരെ ബാങ്കിന്റെ അഭിഭാഷകന്‍ പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കിയതില്‍  ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാവിലെ  പോസ്മോര്‍ട്ടത്തിനുശേഷം  ഇരുവരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്കും. ‌

അതിനിടെ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ബാങ്കിന്റെ നടപടിയില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേ​ന്ദ്രന്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വെള്ളറട സിഐക്കാണ് അന്വേഷണ ചുമതല. ഇക്കാര്യത്തില്‍ ബാങ്കിന് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കും.