മകരവിളക്ക് ദര്‍ശനത്തിന് അനുവാദം തേടി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി: മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അപേക്ഷയുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. താന്‍ കെട്ട് നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോ എന്നായിരുന്നു കോടതിയുടെ മറുപടി. ഏതെങ്കിലും ഒന്നാം തീയതി പോയാല്‍ പോരെ എന്നും കോടതി ചോദിച്ചു. ശബരിമലയിലെ സ്ഥിതി ഇപ്പോള്‍ ശാന്തമാണ് അത് തകര്‍ക്കുമോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞു.

ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ് പ്രതി എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറ‍ഞ്ഞു. ഈ സീസണില്‍ പ്രതിക്ക് ദര്‍ശനത്തിന് അവസരമൊരുക്കരുതെന്നും അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സുരേന്ദ്രന്റെ ഹര്‍ജി വരുന്ന തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റിവച്ചു.

ചിത്തിര ആട്ടവിശേഷത്തിന് കുഞ്ഞിന്റെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിലാണ് കെ.സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 23ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെയാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് കോടതി നിര്‍ദേശം.