മകനെ രാഷ്ട്രീയത്തിൽ ഇറക്കിയതിൽ ആൻറണിക്ക് പങ്കില്ല, കെഎസ്‍യു പ്രമേയം അസംബന്ധം: കെ.ബാബു

കൊ​ച്ചി: മകനെ രാഷ്ട്രീയത്തിൽ ഇറക്കിയതിൽ ആൻറണിക്ക് പങ്കില്ലെന്ന് കെ.ബാബു. ആന്‍റണിക്ക് മകനെ രാഷ്ട്രീയത്തിലിറക്കണമെങ്കിൽ യൂത്ത് കോൺഗ്രസിലൂടെ ആകാമായിരുന്നു. ഐടി വിദഗ്ധനായ അനിലിനെ രാഷ്ട്രീയത്തിലിറക്കിയത് കെ.പി.സി.സി പ്രസിഡന്റാണെന്നും കെ.ബാബു പറഞ്ഞു.

നേരത്തെ അനില്‍ ആന്റണിക്കെതിരെ കെ എസ് യു എറണാകുളം ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രസ്ഥാനത്തിന് വേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പൽവാൾ ദേവൻമാരുടെ പട്ടാഭിഷേകത്തിനും പാർട്ടി യിൽ ശംഖൊലി മുഴങ്ങുന്നുവെന്നായിരുന്നു പ്രമേയത്തിലെ പരാമർശം.

കെഎസ്‍യു അവതരിപ്പിച്ച പ്രമേയം അസംബന്ധമാണെന്ന് കെ ബാബു കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തികൾ രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ല. അനിൽ ആന്‍റണിയുടെ പേരിൽ എകെ ആന്‍റണിയെ അധിക്ഷേപിക്കുവാൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന നേതാക്കളെ കാലം തിരിച്ചറിയുമെന്നും കെ ബാബു പറഞ്ഞു.സൂചികൊണ്ടായാലും കണ്ണിൽ കുത്തിയാൽ നോവുമെന്ന് കുട്ടികളെ നയിക്കുന്ന രാഷ്ട്രീയ യജമാനന്മാർ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും കെ ബാബു തുറന്നടിച്ചു