ഭൂവിവാദം: കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിയമോപദേശം തേടിയത് ആരുടെ നിര്‍ദേശപ്രകാരമാണെന്ന് കോടതി ചോദിച്ചു. കോടതിയുടെ ഉത്തരവില്‍ എല്ലാ കാര്യങ്ങളും വ്യക്തമാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാകണം. ഡിജി വിശദീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നിയമോപദേശം തേടിയത് നടപടികള്‍ വൈകിപ്പിച്ചിരുന്നു. കേസില്‍ പരാതിക്കാരനായ ചേര്‍ത്തല സ്വദേശി ഷൈജു വര്‍ഗീസ് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ വൈകിയതാണ് ഡിജി വിശദീകരിക്കേണ്ടത്.

അതേസമയം ഭൂമി വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ സഭയെ ആകെ വേദനിപ്പിക്കുന്നുവെന്ന് മാര്‍ പെരുന്തോട്ടം പറഞ്ഞു. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുകയെന്നത് പൈശാചിക തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.സ്‌നേഹവും ഐക്യവും തകരുവാന്‍ അനുവദിക്കരുത്. ഐക്യത്തിനും സമാധാനത്തിനുമായി വെള്ളിയാഴ്ച ഉപവാസ പ്രാര്‍ഥനയ്ക്കും ആഹ്വാനം ചെയ്തു. തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രനും പിന്തുണ പ്രഖ്യാപിച്ചു.