ഭൂമി വിവാദം: വിശ്വാസികള്‍ക്കായി ആലഞ്ചേരിയുടെ സര്‍ക്കുലര്‍

കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ ഇന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിച്ചു. ഭൂമി വിറ്റതിനെക്കുറിച്ചും സഹായമെത്രാന്‍മാരെ പുറത്താക്കിയ നടപടിയെക്കുറിച്ചുമാണ് വിശ്വാസികള്‍ക്കായി സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്. പക്ഷേ, വിമത വൈദികരുടെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചില്ല. ഇതോടെ സഭയിലെ വൈദികര്‍ തമ്മിലുള്ള ഭിന്നിപ്പ് വീണ്ടും രൂക്ഷമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സഭയില്‍ വിഭാഗീയപ്രവര്‍ത്തനം നടത്തുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് സര്‍ക്കുലറില്‍ കര്‍ദിനാള്‍ മുന്നറിയിപ്പ് നല്‍കുന്നു. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുത്. ഇനി നടക്കാനിരിക്കുന്ന സിനഡോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കും. പ്രശ്‌നങ്ങള്‍ അടുത്ത സിനഡില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അതിരൂപതയുടെ പൊതുനന്‍മയെക്കരുതിയാണ് സഭാ സ്വത്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

സഹായമെത്രാന്‍മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും ചുമതലകളില്‍നിന്ന് പുറത്താക്കിയത് വത്തിക്കാന്‍ തീരുമാനപ്രകാരമാണ്. മാര്‍പാപ്പയ്ക്ക് വിവിധ ഇടങ്ങളില്‍നിന്ന് ലഭിച്ച റിപോര്‍ട്ടിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തനിക്കതില്‍ പങ്കില്ല. രൂപതയുടെ പ്രവര്‍ത്തനത്തിന് പുതിയ മെത്രാനെ വൈകാതെ നിയമിക്കാനാവുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമിവില്‍പനയിലൂടെ അതിരൂപതയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയും തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.