ഭീഷണിയുണ്ടെന്ന് എം.എല്‍.എമാരുടെ പരാതി; ഡി.കെ ശിവകുമാറിനെ ഹോട്ടലിന് മുന്നില്‍ തടഞ്ഞു,നാടകീയരംഗങ്ങള്‍

മുംബൈ: രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനെത്തിയ മന്ത്രി ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് ഹോട്ടലിന് മുന്നില്‍ തടഞ്ഞു. ശിവകുമാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന എം.എല്‍.എമാരുടെ പരാതിയെത്തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു.

എന്നാല്‍ തന്നെ തടയാനാകില്ലെന്നും ഹോട്ടലില്‍ താനും മുറിയെടുത്തിട്ടുണ്ടെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. തന്റെ സുഹൃത്തുക്കളെ കാണാനാണ് താനെത്തിയത്. ബി.ജെ.പി അവരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു. ശിവകുമാറിനെതിരെ ഗോ ബാക് വിളികളുമായി ഹോട്ടലിന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരും നിലയുറപ്പിച്ചിട്ടുണ്ട്.

രാജിവെച്ച എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചു. മഹാരാഷ്ട്ര റിസര്‍വ് പൊലീസിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സ്പീക്കർക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

കര്‍ണാടകയിലെ ഭരണപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ബെംഗളൂരുവില്‍ ധര്‍ണ നടത്തും. രാവിലെ വിധാന്‍ സഭയ്ക്ക് മുന്നില്‍ നടക്കുന്ന ധര്‍ണയ്ക്കുശേഷം പ്രതിനിധി സംഘം സ്പീക്കറെയും ഗവര്‍ണറെയും കാണുമെന്ന് ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.എസ് യെഡിയൂരപ്പ പറഞ്ഞു