ഭീകരാക്രമണത്തില്‍ മരിച്ച റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും

ശ്രീലങ്കയില്‍ ഇന്നലെ നടന്ന സ്ഫോടനപരമ്ബരയില്‍ മരിച്ച കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്‌കരിക്കും. ബന്ധുക്കളാണ് തീരുമാനം അറിയിച്ചത്. ദുബായില്‍ സ്ഥിരതാമസമാക്കിയ റസീനയ്ക്ക് ശ്രീലങ്കന്‍ പൗരത്വവുമുണ്ട്.

റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ സംസ്കാരം ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു.

റസീനയുടെ പിതാവ് പി എസ് അബ്ദുല്ലയും ബന്ധുക്കളും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ശ്രീലങ്കയിലേക്ക് കുടിയേറിയതാണ്. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാടിനൊപ്പമാണ് ദുബായില്‍ സ്ഥിര താമസമാക്കിയ റസീന ബന്ധുക്കളെ കാണാന്‍ ഒരാഴ്ച മുമ്ബ് ശ്രീലങ്കയില്‍ എത്തിയത്. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ഷാംഗ് റിലാ ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് തൊട്ട് മുമ്ബായിരുന്നു സ്ഫോടനം നടന്നത്.