ഭീകരരുടെ ഒളിത്താവളം ആക്രമിച്ച് ലങ്കന്‍ സൈന്യം; 16 പേരെ വധിച്ചു

കൊളംബോ:  ഭീകരരുടെ ഒളിത്താവളം ആക്രമിച്ച് ശ്രീലങ്കന്‍ സൈന്യം. 16 ഭീകരരെ സൈന്യം വധിച്ചു. ബട്ടിക്കലോവയില്‍ രാത്രി തുടങ്ങിയ റെയ്ഡ് പുലര്‍ച്ചെവരെ നീണ്ടു. കൊല്ലപ്പെട്ട ഭീകരരില്‍ ചിലര്‍ ചാവേറുകളായെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 15 മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ കുട്ടികളാണ്.

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരകളെ തുടര്‍ന്ന് രാജ്യത്ത് ഉടനീളം പൊലീസ് റെയ്ഡും അറസ്റ്റും തുടരുകയാണ്. ഇതിന്റെ ഭാഗമായണ് ഇന്നലെ രാത്രിയോടെ പരിശോധനയ്ക്കായി കിഴക്കന്‍ ശ്രീലങ്കയിലെ ബട്ടിക്കലോവയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലയുള്ള സാമന്തുറയില്‍ റെയ്‍ഡ് നടന്നത്. ഇവിടെ ഭീകരതാവളത്തില്‍‌ ഒളിച്ചിരുന്നവരാണ് പൊലീസിനു നേരെ വെടിയുതിര്‍ത്തത്.

തുടര്‍ച്ചയായ ഏറ്റുമുട്ടല്‍ പുലര്‍ച്ചെ വരെ നീണ്ടു. ഒടുവില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് 15 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ആറു പേര്‍ കുട്ടികളാണ്. കൊല്ലപ്പെട്ടവരില്‍ ചിലര്‍ ചാവേറുകളായി പൊട്ടിത്തെറിക്കുകയായിരുന്നു. സുരക്ഷാ സേനയുടെ വക്താവായ റുവാന്‍ ഗുണശേഖരയാണ് ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. മൂന്ന് പേരെ പരുക്കുകളോടെ പിടികൂടിയതായും സൂചനയുണ്ട്.