ബിജു രാധാകൃഷ്ണനെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിൽ

കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ  കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് സുപ്രീം കോടതിയിലേക്ക്. ഉത്തരവിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകി. വിചാരണക്കോടതി കുറ്റവാളിയെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികളെ വെറുതെ വിട്ടത്. അമ്മ രാജമ്മാളിനെയും കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു.

വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിജു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവായിരുന്നു വിചാരണക്കോടതി വിധിച്ചത്. വിചാരണക്കോടതിയുടെ ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

എന്നാല്‍, വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാജമ്മാളിനെയും ഹൈക്കോടതി വെറുതെ വിട്ടു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബിജു ഹര്‍ജിയില്‍ ആരോപിച്ചത്. തനിക്കെതിരെ തെളിവുകളില്ലെന്നും കുട്ടി മാത്രമാണ് സാക്ഷിയെന്നാണ്  പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിരുന്നതെന്നും പ്രോസിക്യൂഷന്‍റെ വാദമുഖങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നുമാണ് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചത്.