ഭാരത് കണ്ട് ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം ; നന്ദി അറിയിച്ച് സല്‍മാന്‍ഖാന്‍

ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കുമേല്‍ വിജയം നേടിയത് ആഗോഷിക്കുകയാണ് ടീം ഇന്ത്യ. സല്‍മാന്‍ഖാന്‍ നായകനായ ചിത്രം ഭാരത് കണ്ടാണ് ടീം ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. ഭാരത് കണ്ട അനുഭവം പങ്കുവച്ച് ഇന്ത്യന്‍ ടീം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ താരം കേദര്‍ ജാദവാണ് ഭാരത് കാണാന്‍ തിയേറ്ററിലേക്ക് പോയ ടീമിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ‘ഭാരതത്തിന്റെ ടീം ഭാരത് ചിത്രം കണ്ടതിനുശേഷം’ എന്ന അടിക്കുറിപ്പോടെ ഹാര്‍ദ്ദിക് പാണ്ഡ്യ, ധോണി, ശിഖാര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജാദവ് പങ്കുവച്ചത്.

ഇന്ത്യന്‍ താരങ്ങള്‍ ചിത്രം കണ്ടതിന്റെ സന്തോഷം സല്‍മാന്‍ ഖാനും പങ്കുവച്ചു. ‘ഭാരത് കണ്ടതിന് നന്ദി ഭാരത് ടീം. വരുന്ന മത്സരങ്ങളില്‍ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നു. ഭാരതം നിങ്ങല്‍ക്കൊപ്പമുണ്ടെന്നും സല്‍മാന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ഭാരത് നൂറ് കോടി ക്ലബും കടന്നിരിക്കുകയാണ്. പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം ലോകത്താകമാനം 250 കോടി കളക്ഷനാണ് നേടിയിരിക്കുന്നത്. ടൈഗര്‍ സിന്ധാ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ഭാരത്.