ഭാരതത്തിന്‌ അഭിമാനമേകിയ മനക്കമ്പാട്ട്‌ തറവാട്‌

സായിനാഥ്‌ മേനോൻ

പാലക്കാട്‌ ജില്ലയിൽ പറളി പഞ്ചായത്തിൽ കിണാവല്ലൂരിൽ മനക്കമ്പാടം എന്ന സ്ഥലത്താണ്‌ വള്ളുവനാട്ടിലെ സുപ്രസിദ്ധ നായർ തറവാടായ മനക്കമ്പാട്ട്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. മനക്കമ്പാട്ട്‌ തറവാട്‌ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാകാം ആ സ്ഥലത്തിന്‌ മനക്കമ്പാടം എന്ന പേർ ലഭിച്ചത്‌.

വള്ളുവനാട്ടിൽ രാജഭരണകാലത്തും, ഈ ആധുനിക കാലഘട്ടത്തും ഒരേ പോലെ പ്രാധാന്യം ഉള്ള ഒരേ ഒരു പരമ്പരയാണ്‌ മനക്കമ്പാട്ട്‌ തറവാട്‌ പരമ്പര. നമ്മുടെ രാജ്യത്തിന്‌ തന്നെ അഭിമാനമായി മാറിയ ധീര പുത്രന്‌ ജന്മം നൽകിയ തറവാട്‌ . മനക്കമ്പാട്ട്‌ തറവാട്‌ ചരിത്രത്തിലൂടെ നമുക്കൊന്ന് സഞ്ചരിച്ച്‌ വരാം.

രാജഭരണകാലത്തെ നാട്ടുരാജ്യമായിരുന്ന വള്ളുവനാടിന്റെ കിഴക്ക്‌ അതിർത്തിയിലെ എടത്തറ സ്വരൂപത്തിലെ നാടുവാഴി കുടുംബമായിരുന്നു മനക്കമ്പാട്ട്‌ തറവാട്‌ . ഇവരുടെ പൂർവ്വികം പൊന്നാനിയിൽ നിന്നാണെന്ന് കരുതപ്പെടുന്നു. തന്റെ ദേശം കാക്കുന്നതിനായി യോദ്ധാക്കളുടെ പരമ്പരയായ ഇവരെ വള്ളുവകോനാതിരി ഏകദേശം പതിനാലാം നൂറ്റാണ്ടിന്‌ മുന്നെ ഇവിടേക്ക്‌ കൊണ്ടു വന്ന് സ്ഥാനമാനങ്ങൾ നൽകി കുടിയിരുത്തിയതായി കരുതുന്നു. വള്ളുവകോനാതിരി ഇവർക്ക്‌ പടനായക സ്ഥാനം നൽകിയിരുന്നു .മനക്കമ്പാട്ട്‌ തറവാട്ടിലെ പുരുഷ ജനങ്ങൾക്ക്‌ ഉണ്ണി നായർ എന്നും , സ്ത്രീ ജനങ്ങൾക്ക്‌ വയങ്കര അമ്മ എന്നും സ്ഥാനപ്പേരുണ്ട്‌

എടത്തറ സ്വരൂപം – വള്ളുവനാടിന്റെ കിഴക്കെ അതിർത്തിയിലാണ്‌ എടത്തറ സ്വരൂപം സ്ഥിതി ചെയ്യുന്നത്‌. വള്ളുവനാടിനോട്‌ കൂറ്‌ പുലർത്തിയിരുന്ന അഞ്ച്‌ പ്രഭു കുടുംബങ്ങളായ മനക്കമ്പാട്ട്‌, വടക്കെ കൂട്ടാല, കിഴക്കെ കൂട്ടാല, മന്ദിരപ്പുള്ളി ,കരിങ്കുളങ്ങര എന്നീ തറവാടുകളാണ്‌ എടത്തറ സ്വരൂപത്തിന്റെ നാടുവാഴികൾ. ഈ അഞ്ച്‌ പരമ്പരകളും പരസ്പരം പുലയാചരിക്കുന്നവരാണ്‌.ഈ അഞ്ച്‌ തറവാട്ടിൽ നിന്നും വയസ്സിന്‌ മൂത്തയാളെ കൈമൾ സ്ഥാനം നൽകി സ്വരൂപത്തിന്റെ അധികാരം നൽകുന്നു . വല്ലിയ കൂട്ടാല എന്ന എടത്തറ സ്വരൂപത്തിന്റെ ആസ്ഥാനത്തിലാണ്‌ എടത്തറ കൈമളിന്റെ തണ്ടേറ്റം നടക്കുന്നത്‌. ഈ സ്വരൂപത്തിലെ പുരുഷന്മാരെ യജമാനൻ എന്നും സ്ത്രീകളെ വയങ്കര അമ്മ എന്നും പേരിനോട്‌ ചേർത്ത്‌ വിളിക്കുന്നു .

എടത്തറ കൈമൾക്ക്‌ എട്ടു ദേശങ്ങളുടെ ആധിപത്യമുണ്ട്‌. എടത്തറ , കിണാവല്ലൂർ , ഓടന്നൂർ ,ചമ്പ്രക്കുളം , മാത്തൂർ, തച്ചങ്ങാട്‌, വള്ളിക്കോട്ടിരി, തേനൂർ എന്നിവയാണ്‌ കൈമളിന്റെ ദേശങ്ങൾ. വള്ളുവനാടിന്റെ കിഴക്ക്‌ ഭാഗത്ത്‌ നിന്നുള്ള മാമാങ്ക വേല എടത്തറയിലെ കൂട്ടാലയിൽ നിന്ന് പുറപ്പെട്ട്‌ കോങ്ങാട്‌ വഴിയാണ്‌ അങ്ങാടിപ്പുറത്ത്‌ എത്താറുള്ളത്‌. പതിനാലാം നൂറ്റാണ്ടിലാണ്‌ നാടിന്റെ വിപുലീകരണം നടത്തവെ വള്ളുവകോനാതിരി എടത്തറ കൈമളെ അവരോധിച്ചത്‌.എടത്തറ കൈമൾക്ക്‌ മാലിഖാൻ ലഭിക്കുന്നുണ്ട്‌.അത്‌ പോലെ കണ്ണമ്പ്ര നായർ വീടുമായി തലമുറകളായി ബന്ധുത്വം നില നിർത്തുന്നുണ്ട്‌ മനക്കമ്പാട്ടുകാർ.

മനക്കമ്പാട്ട്‌ പരമ്പര ജന്മികളായിരുന്നു . പറളി , എടത്തറ ,
കിണാവല്ലൂർ , കൂനൻ മല , ഭാഗങ്ങളിലായി ധാരാളം കൃഷിഭൂമികൾ ഇവർക്കുണ്ടായിരുന്നു . അന്നത്തെ പ്രധാന വരുമാന സ്രോതസ്സും കൃഷിയായിരുന്നു.

മനക്കമ്പാട്ട്‌ തറവാടിലേക്കുള്ള യാത്ര ഒരു പ്രത്യേക സുഖമുള്ളതാണ്‌ . രണ്ടു ഭാഗത്തും പാടശേഖരങ്ങൾ ഉള്ള മനോഹരമായ റോഡിലൂടെ സഞ്ചരിച്ച്‌ വേണം മനക്കമ്പാട്ട്‌ തറവാട്ടിലേക്ക്‌ എത്താൻ. നെൽക്കതിരിൽ തട്ടി വരുന്ന പാലക്കാടൻ കാറ്റിന്റെ മണം നമ്മെ മറ്റൊരു ലോകത്തേക്ക്‌ നയിക്കും . പത്തേക്കറോളം വരുന്ന ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഭൂമിയിലാണ്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌. 1860 ൽ ആണ്‌ ഈ തറവാട്‌ നിർമ്മിച്ചത്‌.

നാലുകെട്ടാണ്‌ മനക്കമ്പാട്ട്‌ തറവാട്‌ . തഹസിൽദാരായിരുന്ന കണ്ണമ്പ്ര നായർ വീട്ടിൽ ശ്രീ കൃഷ്ണൻ ഉണ്ണി നായർ അദ്ദേഹമാണ്‌ ഈ നാലുകെട്ട്‌ നിർമ്മിച്ചത്‌. ഒരുകാലത്ത്‌ തെക്ക്‌ ഭാഗത്ത്‌ പടിപ്പുര മാളികയും , ഏഴോളം പത്തായപ്പുരകളും അടങ്ങിയ ഒരു വാസ്തു സമുച്ചയമായിരിന്നു മനക്കമ്പാട്ട്‌ തറവാട്‌ . കാലാധിക്യത്താൽ പത്തായപ്പുരകൾ മാഞ്ഞു പോയി.160 ഓളം വർഷം പഴക്കമായെങ്കിലും ഇന്നും തറവാടിന്റെ ഭംഗിക്കോ വാസ്തുവിനോ മാറ്റു കുറഞ്ഞിട്ടില്ലാ . എല്ലാം അന്നത്തെ കാലത്തെ വാസ്തു വിദഗ്ദ്ധരുടെ കഴിവ്‌ തന്നെ . മറ്റുള്ള തറവാടുകളിൽ നിന്നു ഒരുപാട്‌ പ്രത്യേകതകൾ കാണാൻ കഴിഞ്ഞു എനിക്കീ തറവാട്ടിൽ .

തറവാടിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ ധാരാളം തൂണുകൾ ഉള്ള പുറത്തളം കാണാൻ എന്തു ഭംഗിയാണെന്നറിയാമോ. സാധാരാണ നായർ തറവാടുകളിൽ പടിഞ്ഞാറ്‌ പുറത്തളങ്ങൾ കാണാറില്ല . പുറത്തളങ്ങളിലെ തൂണുകളും , അതിലെ തട്ടും, തൂണിൽ ഉള്ള ഗണപതിയുടെ ശിൽപ്പവും നമ്മെ അദ്ഭുതപ്പെടുത്തും. അത്‌ പോലെ ദശാവതാരം കൊത്തു പണികളോടെയുള്ള ,വാസ്തു കാലോട്‌ കൂടിയ പ്രധാന വാതിൽ കണ്ടാൽ നമുക്കറിയാൻ കഴിയും അക്കാലത്തെ വാസ്തു വിദ്ഗദ്ധരുടെ കഴിവ്‌ .

വലിയ നീളൻ വരാന്തയും, തൂണുകൾ ഉള്ള തെക്കിനിത്തറയും , നടുമുറ്റവും, തറവാടിന്‌ മിഴിവേകുന്നു. നടുമുറ്റത്ത്‌ നിന്ന് മുകളിലേക്ക്‌ നോക്കുമ്പോൾ കാണുന്ന ആകൃതി മറ്റുള്ള നടുമുറ്റങ്ങളിൽ നിന്നും വ്യത്യസ്തമാണ് . മൂന്ന് നിലകളായുള്ള തറവാട്ടിൽ താഴത്തെ നിലയിൽ നടുമുറ്റവും, തെക്കിനിത്തറയും, ഓഫീസ്‌ മുറികളും, തെക്കിനി അറയും , മച്ചും, പ്രസവമുറിയും, അടുക്കളയും , രണ്ടാമത്തെ നിലയിൽ ഓവറകളോട്‌ കൂടിയ നാല്‌ വളരെ വലിയ മുറികളും( ഇന്നത്തെ സ്യൂട്ട്‌ മുറികൾ പോലെ ) മുകളിലെ നിലയിൽ പണ്ട്‌ കാലത്ത്‌ ബാച്ചിലേഴ്സിന്‌ ഉപയോഗിക്കാനുള്ള 12 സിംഗിൾ മുറികളും അടങ്ങിയിരിക്കുന്നു. എല്ലാ മുറികളും തട്ടുള്ളതാണ്‌ . ആ മുറികളിൽ പ്രവേശിക്കുമ്പോൾ വരുന്ന പഴമയുടെ സുഗന്ധവും കുളിർമ്മയും പറഞ്ഞറിയിക്കാനാകാത്തതാണ് .

തറവാടിനോട്‌ ചേർന്നൊരു കുളവും , കിണറും ഉണ്ട്‌. ആകെ മൊത്തം മനക്കമ്പാട്ട്‌ തറവാട്‌ നമുക്ക്‌ നൽകുന്നത്‌ കാഴ്ച്ചകളുടെ വസന്തമാണ്‌.കാലങ്ങൾ അനവധി ആയെങ്കിലും ഇന്നും വലിയ കേടുപാടുകൾ കൂടാതെ ചരിത്രത്തിന്റെ ഭാഗമായ ഈ തറവാടിനെ സംരക്ഷിക്കുന്ന കുടുംബാംഗങ്ങൾ അഭിനന്ദനാർഹരാണ്‌.

മനക്കമ്പാട്ട്‌ തറവാട്ടുകാരുടെ പരദേവത ചിറക്കാടി ഭഗവതിയാണ്‌ . തുല്യ പ്രാധാന്യം ചെങ്കാറ്റൂർ അയ്യപ്പ സ്വാമിക്കും, തിരുമാന്ധാം കുന്നിലമ്മയ്ക്കും ഉണ്ട്‌. ചെങ്കാറ്റൂർ അയ്യപ്പനും, ഭഗവതിക്കും കൊല്ലത്തിലൊരിക്കൽ പാട്ട്‌ നടത്താറുണ്ട്‌. തറവാടിനോട്‌ ചേർന്ന് സുബ്രഹ്മണ്യ സ്വാമി പ്രതിഷ്ഠയുള്ള ഒരു മഠം കൂടി മനക്കമ്പാട്ടുകാർക്ക്‌ ഉണ്ട്‌ . അവിടെയും തുല്യ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്‌. എല്ലാകൊല്ലവും ധനുമാസത്തിൽ സുബ്രഹ്മണ്യസ്വാമി മഠത്തിൽ വിളക്കുത്സവം നടത്താറുണ്ട്‌. തറവാട്ടിൽ രണ്ട്‌ മച്ചുകൾ ഉണ്ട്‌ . ദിവസേന വിളക്ക്‌ വയ്ക്കൽ പതിവുണ്ട്‌ മച്ചിൽ. ഒരു മച്ചിൽ മണ്ണൂക്കാവിലമ്മയും, ചിറക്കാടി ഭഗവതി സാന്നിധ്യവും ആണുള്ളത്‌. വർഷത്തിലൊരിക്കൽ മകര ചൊവ്വയ്ക്ക്‌ തിരുമധുരം, പായസത്തോട്‌ കൂടിയുള്ള പൂജ പതിവുണ്ടീ മൂർത്തികൾക്ക്‌ . രണ്ടാമത്തെ മച്ചിൽ , തറവാട്ടിൽ നൂറ്റാണ്ടുകൾക്ക്‌ മുന്നെ ജീവിച്ചിരുന്ന , അനവധി സിദ്ധികളുടെ ഉടമയായ വിഷ്ണേക്കമ്മാമന്റെ സാന്നിധ്യമാണ്‌ . ഉപാസകനായിരുന്ന ഇദ്ദേഹമാണ്‌ തറവാടിന്റെ സംരക്ഷകൻ. കുംഭമാസത്തിലെ കറുത്തവാവിന്‌ ശാക്തേയ പൂജ ഇവിടെ പതിവുണ്ട്‌. മനക്കമ്പാടം മാരിയമ്മൻ കോവിലിന്റെ ഊരാളന്മാർ ഇവരാണ്‌ . കാലം മാറി എങ്കിലും ഇന്നും മനക്കമ്പാട്ടുകാർ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു പോരുന്നു .

പണ്ടു മുതൽക്കേ തറവാട്ടിൽ മത്സ്യ മാംസാദികൾ കയറ്റാറില്ല , ഇന്നും അത്‌ പരിപാലിച്ചു പോരുന്നു . എന്തിനധികം ചെറിയ ഉള്ളി പോലും അവിടെ നിഷിദ്ധമായിരുന്നു . അപ്പോൾ ആലോചിച്ചാൽ തന്നെ അറിയാലോ ഇവർ ആചാരങ്ങൾക്കും മറ്റും കൊടുക്കുന്ന പ്രാധാന്യം.

മനക്കമ്പാട്ട്‌ തറവാട്‌ അനവധി പ്രഗത്ഭ വ്യക്തികൾക്ക്‌ ജന്മം നൽകിയ തറവാടാണ്‌ . നമ്മുടെ രാജ്യത്തിന്‌ തന്നെ അഭിമാനമേകിയവർ . അതിൽ മുഴുവൻ ആളുകളെ കുറിച്ച്‌ എഴുതാൻ നിന്നാൽ ഒരു പക്ഷെ സമയം തികയില്ല. അതിനാൽ തറവാട്ടിൽ ഉള്ള അമ്മുക്കുട്ടി വയങ്കര അമ്മയുടെ താവഴിയിലെ പ്രഗത്ഭരെ കുറിച്ചെഴുതാം .
ശ്രീ അമ്മുക്കുട്ടിയമ്മ വയങ്കര അമ്മ ( 1894-1987) ആജ്ഞാശക്തിയും നേതൃപാടവും ഉള്ള തറവാട്ടമ്മ ആയിരുന്നു . അത്‌ പോലെ ജനങ്ങൾക്കും വളരെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. പണ്ട്‌ കാലത്തും തറവാടുകളിൽ സ്ത്രീകൾക്ക്‌ വിലയുണ്ടായിരുന്നു . അതൊന്നും ഇന്ന് പലർക്കും അറിയില്ലാന്ന് മാത്രം . ശ്രീ അമ്മുകുട്ടി വയങ്കര അമ്മയുടെയും ഭർത്താവ്‌ നാരായണമംഗലത്ത്‌ മനയ്ക്കലെ ദാമോദരൻ നമ്പൂതിരിയുടെയും മക്കളെയും അവരുടെ സന്താന പരമ്പരകളിലെ കേമന്മാരെ കുറിച്ചാണ്‌ ഞാൻ ഇനി പറയാൻ പോകുന്നത്‌.

കേണൽ ശ്രീ എം . കെ ഉണ്ണി നായർ(1911-1950)-മനക്കമ്പാട്ട്‌ തറവാട്ടിൽ 1911 ഏപ്രിൽ 22ന്‌ ശ്രീ നാരായണമംഗലത്ത്‌ ശ്രീ ദാമോദരൻ നമ്പൂതിരിയുടെയും മനക്കമ്പാട്ട്‌ അമ്മുക്കുട്ടി വയങ്കര അമ്മയുടെയും മകനായി ജനിച്ച ശ്രീ കേശവൻ ഉണ്ണി നായർ അഥവാ കേണൽ ശ്രീ എം. കെ ഉണ്ണി നായർ എന്ന വള്ളുവനാട്ടുകാരനെ, പാലക്കാട്ടുകാരനെ, മലയാളിയെ, ഭാരതീയനെ എത്ര മലയാളികൾക്ക്‌ അറിയാം എന്നെനിക്കറിയില്ലാ. പക്ഷെ ഇദ്ദേഹം ഇന്ത്യൻ ആർമ്മിക്കും,ഐക്യരാഷ്ട്ര സഭയ്ക്കും,സൗത്ത്‌ കൊറിയയ്ക്കും ധീരപുത്രനാണ്‌ . അദ്ദേഹം പ്രാഥമിക വിദ്യാസത്തിന്‌ ശേഷം മദ്രാസ്‌ ക്രിസ്ത്യൻ കോളേജിൽ നിന്ന് സാഹിത്യത്തിൽ ഓണേഴ്സ്‌ ബിരുദം നേടി . ശ്രീ ഉണ്ണി നായർ ഇംഗ്ലീഷ്‌ ഭാഷ കൈകാര്യം ചെയ്യുന്നതിൽ നിപുണനായിരുന്നു .ദി മെറിൻ, ദി മെയിൽ, എന്നീ മാധ്യമങ്ങളിൽ ലേഖകൻ ആയി ജോലി നോക്കുകയും, പിന്നീട്‌ ഇന്ത്യൻ ആർമി റിസർവ് ഓഫ് ഓഫിസേഴ്‌സിൽ കമ്മിഷൻഡ് ഓഫിസറാകുകയും, അദ്ദേഹത്തിന്റെ യുദ്ധ മേഖലയിൽ ചെന്ന് നേരിട്ട്‌ വിവരങ്ങൾ ശേഖരിക്കുന്നതിലെ ധീരതയും, കഴിവും തിരിച്ചറിഞ്ഞ ആർമ്മി അദേഹത്തിന്‌ കേണൽ പദവി നൽകി. ഇത്ര ചെറുപ്പത്തിൽ കേണൽ പദവി ലഭിക്കുന്ന ചുരുക്കം പേരിൽ ഒരാളാണിദ്ദേഹം.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ മറാഠാ ലൈറ്റ്‌ ഇൻഫണ്ടറിയിൽ കമ്മിഷൻഡ് ഓഫിസറായി നിയമിതനായ അദ്ദേഹത്തെ ബർമയിലേക്ക് അയച്ചു. യുദ്ധ മേഖലകളിലും കലാപഭൂമികളിലും നേരിട്ടെത്തി റിപ്പോർട്ട്‌ ചെയ്യാൻ ഉള്ള അദ്ദേഹത്തിന്റെ മിടുക്ക്‌ നെഹ്രുവിനെ അദ്ഭുതപ്പെടുത്തി . ജനറൽ കരിയപ്പയ്ക്കും, നെഹ്രുവിനും അദേഹം പ്രിയപ്പെട്ടവനായി മാറി . അദ്ദേഹത്തിന്റെ സേവനത്തിൽ സന്തുഷ്ടരായ ഇന്ത്യൻ സർക്കാർ ശ്രീ ഉണ്ണി നായരെ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസ്സിയിലേക്ക്‌ പബ്ലിക്ക്‌ ഇൻഫർമ്മേഷൻ ഓഫീസറായി അയച്ചു.

ഐക്യ രാഷ്ട്ര സഭയ്ക്ക്‌ വേണ്ടി കൊറിയൻ യുദ്ധം റിപ്പോർട്ട്‌ ചെയ്യാൻ ചെന്ന അദേഹം , യുദ്ധം മുഖത്ത്‌ വച്ച്‌ കുഴിബോംബ്‌ പൊട്ടി വീര ചരമം പ്രാപിച്ചു. അദേഹത്തിന്റെ മരണശേഷം ഇന്ത്യൻ ഗവൺമന്റ്‌ ഒരു എക്സ്ട്രാ ഓഡിനറി ഗസറ്റ്‌ തന്നെ പുറത്തിറക്കി. അത്‌ പോലെ ഐക്യ രാഷ്ട്ര സഭയും, പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്രുവും അനുശോചന കുറിപ്പുകൾ എഴുതി .സൗത്ത്‌ കൊറിയയിൽ അദ്ദേഹത്തിന്റെ മെമ്മൊറിയൽ ഉണ്ട്‌ . ഇത്‌ ദേശീയ സ്മാരകമാണ്‌. . അവിടുത്തെ പാഠപുസ്തകത്തിൽ ഈ ധീരപുത്രനെ കുറിച്ച്‌ പഠിക്കാൻ ഉണ്ട്‌ . . ശ്രീ ഉണ്ണി നായർക്ക്‌ വേണ്ടി എന്താണ്‌ നമ്മുടെ കേരളത്തിൽ ഉള്ളതെന്ന് എനിക്കറിയില്ല.
ഡോ . വിമല നായർ ആണ്‌ ശ്രീ ഉണ്ണിനായരുടെ പത്നി. ഒരേ ഒരു മകൾ ഡോ. പാർവ്വതി മോഹൻ . വിമലാനായരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തിരിക്കുന്നത്‌ കൊറിയയിലെ ഉണ്ണി നായർ സ്മാരകത്തിൽ തന്നെയാണ്‌ . തന്റെ പ്രിയതമന്റെ അരികിൽ പ്രിയതമ ഉറങ്ങുന്നു.

ശ്രീ എം. കൃഷ്ണനുണ്ണി നായർ -ഇദ്ദേഹം കൊൽക്കത്തയിലെ ഗ്ലാഡ്സ്റ്റോൺ ല്യാൽ കമ്പനിയിലെ എം.ഡി ആയിരുന്നു. അവിടെ നിന്ന് വിരമിച്ച ശേഷം ചിറ്റൂർ ഷുഗർ ഫാക്ടറിയിലെ ജി.എം . ആയും , കേരള ഡിസ്റ്റലറീസിൽ കൺസൾറ്റന്റായും സേവനമനുഷ്ഠിച്ചു . 1992 മുതൽ 2011 വരെ ഇദ്ദേഹം എടത്തറ കൈമൾ ആയിരുന്നു . ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്‌ പേരൂർ നായർ വീട്ടിലെ സുലോചന നേത്യാർ അവർകളെ ആണ്‌

ശ്രീ മേജർ കുഞ്ചുണ്ണി നായർ ( എം . കെ നായർ ) – ഇദ്ദേഹം ഇന്ത്യൻ ആർമ്മിയിൽ ഗ്രനേഡിയേഴ്സ്‌ ഓപ്പറേഷൻ വിങ്ങിൽ മേജർ ആയി സേവനമനുഷ്ടിച്ചു. ആർമ്മിയിൽ നിന്ന് റിട്ടയർ ചെയ്തതിന്‌ ശേഷം ഗ്ലാഡ്സ്റ്റോൺ ല്യാൽ കമ്പനിയിൽ അദ്ദേഹം ജോലി ചെയ്തിരുന്നു.

മുകളിൽ പറഞ്ഞ ഈ മൂന്നു പേരും ശ്രീ നർമ്മദ വയങ്കര അമ്മ , ശ്രീ ഭാരതി വയങ്കര അമ്മ എന്നീ ഇരട്ട സഹോദരിമാരും, 2011-2015 വരെ എടത്തറ കൈമൾ ആയിരുന്ന ശ്രീ എം . വിജയനുണ്ണി നായർ അദ്ദേഹവും
മദ്രാസിലെ യു.എസ്‌ .കൗണസിലേറ്റിൽ കൾച്ചറൽ/ ഇൻഫർമ്മേഷൻ വിഭാഗത്ത്‌ സേവമനുഷ്ടിച്ചിരുന്ന ശ്രീ അമ്മാളുക്കുട്ടി വയങ്കര അമ്മ ( അമ്മു നായർ ,1933-)
ചെന്നൈ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യം പഠിച്ച്‌ , വെമ്പട്ടി ചിന്നസത്യത്തിൽ നിന്ന് കുച്ചിപ്പുടി അഭ്യസിച്ച്‌ , ഉപരിപഠനത്തിനായി ഇന്ത്യൻ സർക്കാരിന്റെ സ്കോളർഷിപ്പോടെ പാരീസിൽ ചെന്ന് അവിടെ സ്ഥിര താമസമാക്കുകയും, ഒരുപാട്‌ കുട്ടികളുടെ നൃത്തധ്യാപികയായി മാറുകയും ചെയ്ത സുപ്രസിദ്ധ നർത്തകി ശ്രീമതി സാവിത്രി നായർ,( യുനസ്കോ ഡയറക്ടർ ആയിരുന്ന ശ്രീ ശിവലിംഗപ്പയാണ്‌ ഇവരുടെ ഭർത്താവ്‌)യൂറോപ്പിൽ ഇന്ത്യൻ കലകളെയും , സംഗീതത്തെയും ഭരതനാട്യവും കുച്ചിപ്പുടിയും പ്രോത്സാഹിപ്പിക്കുന്നതിൽ ഇവർ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. കർണ്ണാട്ടിക് മ്യൂസിക്കിലും കഴിവ്‌ തെളിയിച്ച ശ്രീ സാവിത്രി നായർ ഒരു അതുല്യ പ്രതിഭയാണ്‌. ഒരുപാട്‌ മഹാരഥന്മാരുടെ കൂടെ ഡാൻസ്‌ വർക്ക്‌ ഷോപ്പുകൾ നടത്താൻ ഇവർക്ക്‌ സാധിച്ചു
മദ്രാസ്‌ കൃസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ്‌ വിഭാഗത്ത്‌ ഗോൾഡ്‌ മെഡൽ നേടി പാസായ, ഇംഗ്ലീഷ്‌ വിദ്വാനായ, അറിവിനാൽ തറവാട്ടിലെ ഏറ്റവും കേമനായ ശ്രീ എം പ്രഭാകരനുണ്ണി നായർ എന്നിവർ അടങ്ങിയതാണ്‌ അമ്മുക്കുട്ടി വയങ്കര അമ്മയുടെ മക്കൾ പരമ്പര.

ഇന്നത്തെ തലമുറയിൽ ശ്രീ എം . സാവിത്രി നായരുടെ മകൾ വിശ്വപ്രസിദ്ധ കുച്ചിപ്പുടി , ഭരതനാട്യ ,കണ്ടംപററി നർത്തകിയുമായ ശ്രീ എം ശാന്തള നായർ (ശാന്തള ശിവലിംഗപ്പ)അമേരിക്കൻ സ്കോളർഷിപ്പ്‌ നേടുകയും, പീറ്റർ ബ്രൂക്സ്‌, പീനാ ബോഷ്‌ എന്നിവരുടെ കൂടെ വർക്ക്‌ ചെയ്തവരും ആണ്‌ .അമ്മയും, വെമ്പട്ടി ചിന്ന സത്യവും ആണ്‌ ശാന്തളയുടെ ഗുരുക്കൾ. ഇവർ നടത്തിയ ലോകപര്യടനത്തിനാൽ കുച്ചിപ്പുടിയെ കുറിച്ച്‌ മനസ്സിലാക്കാൻ , അതാസ്വദിക്കാൻ ഒരുപാട്‌ ആളുകൾക്ക്‌ സാധിച്ചു.

മനക്കമ്പാട്ട്‌ തറവാട്ടിലെ കാരണവർ ശ്രീ എം ദാമോദരനുണ്ണി നായർ അദേഹമാണ്‌ . തറവാട്ടമ്മ ശ്രീ അമ്മാളുകുട്ടി വയങ്കര അമ്മയും ആണ്‌ . ഏകദേശം 16 ഓളം അംഗങ്ങൾ കാണും ഈ താവഴിയിൽ. മനക്കമ്പാട്ട്‌ എന്ന മൊത്തം പരമ്പര നോക്കുകയാണേൽ നൂറു കണക്കിന്‌ കാണും ഈ കുടുംബത്തിൽ. നാടിന്റെ ഉയർച്ചയിൽ വലിയൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌ മനക്കമ്പാട്ടുകാർ.

പ്രൈമറി സ്കൂൾ , അംഗനവാടി , ഹെൽത്ത്‌ സെന്റർ എന്നിവ തുടങ്ങാനും , മുൻ കൈ എടുക്കാനും , അതിന്‌ വേണ്ട കാര്യങ്ങൾ ചെയ്യാനും ഇവർ മുൻപിൽ ഉണ്ടായിരുന്നു . അത്‌ പോലെ ജലസേചന ആവശ്യങ്ങൾക്കും മറ്റുമായി കുളങ്ങൾ നിർമ്മിക്കാനുമെല്ലാം ഇവർ ശ്രദ്ധ ചെലുത്തിയിരുന്നു. നാടിന്റെ പുരോഗതിയ്ക്ക്‌ മനക്കമ്പാട്ടുകാർ തങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്‌.

ഈ ആർട്ടിക്കിൾ വായിക്കുന്നവർക്ക്‌ ഇപ്പോൾ മനസ്സിലായി കാണും മനക്കമ്പാട്ട്‌ തറവാടിന്റെ രാജകാല ചരിത്രത്തിലും ആധുനിക ചരിത്രത്തിലും ഉള്ള പ്രാധാന്യം. ഇതെല്ലാം നാമറിയേണ്ട ചരിത്രങ്ങളാണ്‌ . മനസ്സിലാക്കേണ്ട ചരിത്രങ്ങളാണ്‌ . ഇന്നും ആചാരാനുഷ്ഠാനങ്ങളോടെ തറവാട്‌ കാത്തുസൂക്ഷിക്കുന്ന തറവാട്ടംഗങ്ങൾക്ക്‌ എന്റെ നന്ദി .