ഭര്‍ത്താവ് നവവധുവിന്റെ തലയറുത്ത് കൊന്നു

നാഗര്‍കോവില്‍ : ഭര്‍ത്താവ് നവവധുവിന്റെ തലയറുത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തിരുനെല്‍വേലി പാളയംകോട്ടയില്‍ മുരുകേശന്റെ മകള്‍ വേലമ്മാള്‍ (21) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
ഭാര്യയുടെ തലവെട്ടിയശേഷം തിരുനെല്‍വേലി താഴയൂത്ത് തെങ്കലം പുതൂര്‍ തെക്ക് സ്ട്രീറ്റിലെ ബാലഗുരു (27) പാളയംകോട്ട പൊലീസില്‍ കീഴടങ്ങുകയായിരുന്നു. വെട്ടിയെടുത്ത തല ദേശീയപാതയ്ക്കരികില്‍ ഉപേക്ഷിച്ചശേഷം മൃതദേഹത്തിനരികില്‍ രാത്രി മുഴുവന്‍ കാവലിരുന്നു. തുടര്‍ന്ന് രാവിലെ പാളയംകോട്ട സ്റ്റേഷനില്‍ കീഴടങ്ങി.പാളയംകോട്ട സെന്‍ട്രല്‍ ജയിലിലെ വാര്‍ഡറായ ബാലഗുരു നഴ്‌സായ വേലമ്മാളുമായി പ്രണയത്തിലായിരുന്നു. പിന്നീട് അഭിപ്രായവ്യത്യാസങ്ങള്‍മൂലം അകലാന്‍ ശ്രമിച്ചെങ്കിലും വേലമ്മാളിന്റെ ബന്ധുക്കള്‍ മേയ് 31ന് കുറുക്കുന്തുറ ക്ഷേത്രത്തില്‍വച്ച്‌ ബാലഗുരുവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.

ബാലഗുരുവിന്റെ ബന്ധുക്കള്‍ അറിയാതെയായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും ഇടയ്ക്കിടെ കലഹം ഉണ്ടാകുമായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഇത് സംബന്ധിച്ച്‌ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.കഴിഞ്ഞദിവസം വൈകിട്ട് ബാലഗുരു ഭാര്യയുമായി ബൈക്കില്‍ തിരുച്ചെന്തൂര്‍ ക്ഷേത്രദര്‍ശനത്തിന് പുറപ്പെടുകയും നാഗര്‍കോവില്‍-തിരുനെല്‍വേലി ദേശീയപാതയിലെ പൊട്ടല്‍ ഭാഗത്തെ വയലില്‍ വച്ച്‌, ബൈക്കില്‍ ഒളിപ്പിച്ചുവച്ചിരുന്ന അരിവാള്‍ ഉപയോഗിച്ച്‌ തലവെട്ടുകയുമായിരുന്നു.