ഭരണകൂടം തന്നെ വര്‍ഗീയത വളര്‍ത്തുന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അക്രമ രാഷ്ട്രീയതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്ത് ഭരണകൂടം തന്നെ വര്‍ഗീയത വളര്‍ത്തുകയാണെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല പ്രശനം കാണിച്ചാണ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാട് ശരി എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. മൂടുപടം ഇട്ട് യുവതികളെ ശബരിമലയില്‍ കയറ്റിയത് ധീരതയല്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും സിപിഎമ്മും നവോഥാനത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ നവോഥാന പാരമ്ബര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.