ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയില്‍ സിഫ്‌നിയോസ് ഇന്ത്യ വിട്ടു

 

പനാജി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് എഫ്.സി ഗോവയിലെത്തിയ മാര്‍ക്ക് സിഫ്‌നിയോസ് ഇന്ത്യ വിട്ടു സ്വന്തം രാജ്യത്തേക്ക് മടങ്ങി. സിഫ്‌നിയോസിനെതിരെ ഫോറീന്‍ റീജ്യണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ (എഫ്.ആര്‍.ആര്‍.ഒ) കേരള ബ്ലാസ്റ്റേഴ്‌സ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് താരം ഇന്ത്യ വിട്ടത്.

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെ ഈ സീസണില്‍ ആദ്യം പരിശീലിപ്പിച്ചിരുന്ന റെനെ മ്യൂലന്‍സ്റ്റീനാണ് താരത്തെ കൊച്ചിയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിട്ട എഫ്‌സി ഗോവ നിരയില്‍ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഈ മത്സരത്തിന് മുന്‍പ് തന്നെ താരം ഇന്ത്യ വിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാനുള്ള എംപ്ലോയ്‌മെന്റ് വിസയിലെത്തിയ താരം ഗോവക്കു വേണ്ടി കളിക്കുന്നത് നിയമവിരുദ്ധമാണെന്നു കാട്ടിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന്‌
എഫ്ആര്‍ആര്‍ഒ താരവുമായും എഫ്‌സി ഗോവയുമായും ബന്ധപ്പെടുകയും താരത്തോട് ഇന്ത്യ വിടണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.