ബ്ലാക്‌മെയ്ൽ ചെയ്ത് പണം തട്ടാൻ ശ്രമം ; മലയാളി പിടിയിൽ

കൊല്ലം : ഫേസ്ബുക്ക് സൗഹൃദം ദുരുപയോഗം ചെയ്ത് ബ്ലാക്‌മെയ്‌ലിനു ശ്രമിച്ച മലയാളി അറസ്റ്റിൽ.
പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത് പതിവാക്കിയ അഖില്‍ അജയന്‍ എന്ന യുവാവാണ് ഡല്‍ഹി പൊലീസിന്റെ കെണിയിലായത്. ഡല്‍ഹിയിലാണ് സംഭവം.

ഫേസ്ബുക്കിലുടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അയച്ച്‌ ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയക്കുമെന്നായിരുന്നു ഭീഷണി. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

കൊല്ലത്തെ ഒരു പെട്രോള്‍ പമ്പിൽ മാനേജരായിരുന്ന പ്രതി സമൂഹമാധ്യമങ്ങളിലൂടെ നിരവധി പെണ്‍കുട്ടികളില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടാന്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം നേരിട്ട് കേരളത്തിലെത്തിയാണ് പ്രതിയെ പിടികൂടിയത്.