ബ്രഹ്മചര്യവ്രതം നോക്കാത്ത പുരോഹിതര്‍ക്കെതിരെ നടപടിയെടുക്കട്ടെ; സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്‍

തിരുവനന്തപുരം: ദീപികയിൽ തനിക്കെതിരെ വന്ന മുഖപ്രസംഗത്തിന് സഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്‍. സഭയ്ക്കുള്ളില്‍ നടക്കുന്ന വലിയ തെറ്റുകള്‍ മറച്ചു വെച്ചുകൊണ്ട് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്താല്‍ തളരില്ലെന്ന് സിസ്റ്റര്‍ പറഞ്ഞു.

താന്‍ അച്ഛടക്കലംഘനം നടത്തിയിട്ടില്ല. മൂന്ന് വ്രതങ്ങളും പാലിക്കുന്നുണ്ട്. പുരോഹിതര്‍ക്ക് ബ്രഹ്മചര്യം വേണ്ടെന്ന് ലേഖനത്തില്‍ എഴുതിയിരിക്കുന്നതിലൂടെ ബിഷപ്പ് ഫ്രാങ്കോ, അല്ലെങ്കില്‍ റോബിന്‍ തുടങ്ങിയ തെറ്റുകള്‍ ചെയ്ത മൗനം പാലിക്കുന്നവര്‍ക്ക് ഇനിയും അങ്ങനെ തന്നെ തുടരാമെന്നാണ് അര്‍ഥമാക്കുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു.

ലേഖനമെഴുതിയ പുരോഹിതന്‍ കുറച്ചുനാളുകളായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഒരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെയും യാത്രാ സൗകര്യത്തിനായി വാഹനം വാങ്ങിയതിന്റെയും പേരിലാണ് തനിക്കെതിരെ നടപടി. ശരിയായിട്ടുള്ള തെറ്റുകള്‍ ചെയ്ത് ജീവിക്കുന്ന വൈദികരുണ്ട്. വലിയ തെറ്റുകള്‍ മറച്ചു വെച്ച് താന്‍ സഭയ്ക്ക്‌ എതിരെയാണെന്ന് പറഞ്ഞാല്‍ തളരില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീമാരുടെ സമരത്തില്‍ പങ്കെടുക്കാത്തവരുടെ ഭാഗത്താണ് തെറ്റ്. എന്തുകൊണ്ട് കന്യാസ്ത്രീകളുടെ വേദനയില്‍ പങ്കു ചേര്‍ന്നില്ല, ബ്രഹ്മചര്യം വേണ്ട എന്നുളളവര്‍ ഇഷ്ടപ്പെട്ടവരെ വിവാഹം കഴിച്ച് ജീവിക്കട്ടെ. സഭയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കുന്നുണ്ടെങ്കില്‍ തെറ്റ് അംഗീകരിക്കുകയും നടപടി എടുക്കുകയുമാണ് വേണ്ടത്. നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തെളിവുകൊടുക്കാന്‍ മാത്രം അപരാധം താന്‍ ചെയ്തിട്ടില്ലെന്നും സിസ്റ്റര്‍ വ്യക്തമാക്കി.