ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം മഹേഷ് ആനന്ദ് അന്തരിച്ചു. 57 വയസായിരുന്നു. ദുരൂഹ സാഹചര്യത്തില്‍ മുംബൈയിലെ വീടിനുള്ളില്‍ ശനിയാഴ്ചയാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈയിലെ അന്ധേരിയില്‍ യാരി റോഡിലായിരുന്നു മഹേഷ് താമസിച്ചിരുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ നടന്‍ തനിച്ചു കഴിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മരണ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

തൊണ്ണൂറുകളിലെ ബോളിവുഡ് ചിത്രങ്ങളില്‍ സ്ഥിരം വില്ലന്‍ സാന്നിധ്യമായിരുന്നു മഹേഷ് ആനന്ദ്. ഷെഹന്‍ഷാ, മജ്ബൂര്‍, കൂലി നമ്ബര്‍ വണ്‍, കുരുക്ഷേത്ര, സ്വര്‍ഗ്, വിജേത, തൂഫാന്‍, ക്രാന്തിവീര്‍, അകയ്‌ലാ, ഗദ്ദാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യുവിലും തമിഴില്‍ രജനീകാന്ത് ചിത്രം വീരയിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടന്‍ ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം.